കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബെംഗളുരു സ്വദേശി സൂരജ് ലാമ (58)യെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് ഹര്‍ജിയുമായി മകന്‍ ഹൈക്കോടതിയില്‍. ഈ മാസം അഞ്ചിനാണ് കുവൈറ്റ് അധികൃതര്‍ ആരെയും അറിയിക്കാതെ സൂരജ് ലാമയെ കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടത്. പിതാവിനെ കാണാനില്ലെന്ന് മനസിലാക്കി മകന്‍ കൊച്ചിയിലെത്തി അന്വേഷിക്കുകയും പലയിടത്തും വച്ച് കണ്ടതായ വിവരങ്ങള്‍ ശേഖരിച്ച് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസിനായില്ല എന്നു കാട്ടിയാണ് മകന്‍ സന്ദന്‍ ലാമ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ മാസം 10ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടു പോലും പിതാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഓഗസ്റ്റ് ആദ്യം കുവൈറ്റിലുണ്ടായ മദ്യദുരന്തത്തില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചിരുന്നു. ആശുപത്രിയിലായവരില്‍ കുവൈറ്റില്‍ ബിസിനസ് ചെയ്തിരുന്ന സൂരജ് ലാമയും ഉള്‍പ്പെട്ടിരുന്നു. പിതാവ് ഇത്തരത്തില്‍ ആശുപത്രിയിലാണെന്ന് കുടുംബം വൈകിയാണ് അറിയുന്നത്. ഒടുവില്‍ ഈ മാസം നാലിന് ബന്ധുക്കളെ പോലും അറിയിക്കാതെ പരിചയക്കാര്‍ പോലുമില്ലാത്ത കൊച്ചിയിലേക്ക് സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു.
മദ്യദുരന്തത്തില്‍ പേരു പോലും ഓര്‍മയില്ലാത്ത വിധത്തിലായിരുന്നു ലാമ. അഞ്ചിന് രാവിലെ മെട്രോ ഫീഡര്‍ ബസില്‍ കയറി ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്ത് പിതാവ് ഇറങ്ങിയതായി മകന്‍ മനസിലാക്കിയിരുന്നു. പിന്നീട് കളമശേരിയില്‍ പലയിടത്തും കണ്ടതായി വിവരം ലഭിച്ചു. സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഈ മാസം ഏഴിനാണ് കുടുംബം അറിയുന്നത്. പിറ്റേന്നു തന്നെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇതിനിടെ, എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിങ് കോളനിയുടെ സമീപത്ത് ലക്ഷ്യംതെറ്റി അലഞ്ഞു തിരിയുന്ന ലാമയുടെ വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ഒരു ആംബുലന്‍സില്‍ കയറ്റി കളമശേരി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങളടക്കം പൊലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നു.




