വാഷിങ്ടണ്‍: പ്രശസ്തനായ ഒരു പ്രധാനമന്ത്രി തന്നെ മര്‍ദിച്ചതായും ലൈംഗികമായി പീഡിപ്പിച്ചതായും എപ്സ്റ്റീന് കേസിലെ പരാതിക്കാരി വിര്‍ജിനിയ ജിഫ്രിയുടെ വെളിപ്പെടുത്തല്‍. അടുത്തിടെ പുറത്തിറങ്ങിയ ‘നോബഡീസ് ഗേള്‍’ എന്ന പേരിലുള്ള തന്റെ പുസ്തകത്തിലാണ് വിര്‍ജിനിയ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരേ പരാതി നല്‍കുകയും വെളിപ്പെടുത്തല്‍ നടത്തുകയുംചെയ്തയാളാണ് വിര്‍ജിനിയ ജിഫ്രി. വിര്‍ജിനിയ മരിച്ച് ആറുമാസത്തിന് ശേഷമാണ് പുസ്തകം പുറത്തിറങ്ങിയത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ലൈംഗികപീഡനത്തെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും താന്‍ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ചും വിര്‍ജിനിയ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
‘അജ്ഞാതനായ’ ഒരു പ്രധാനമന്ത്രി ക്രൂരമായി മര്‍ദിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് വിര്‍ജിനിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ലൈംഗിക അടിമയായി മരിക്കുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും പുസ്തകത്തില്‍ പറയുന്നു.
”അവരോടൊപ്പമുണ്ടായിരുന്ന കാലത്ത് ധനികരായ പലര്‍ക്കും അവര്‍ എന്നെ കൈമാറി. എന്നെ സ്ഥിരമായി ഉപദ്രവിക്കുകയും ദുരുപയോഗംചെയ്യുകയുംചെയ്തു. ചില സന്ദര്‍ഭങ്ങളില്‍ ശ്വാസംമുട്ടിച്ചു. അടിച്ചു. ചോര ചിന്തി. ഒരു ലൈംഗിക അടിമയായി മരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു”, വിര്‍ജിനിയ പറഞ്ഞു.
എപ്സ്റ്റീന്റെ വിവാദമായ സ്വകാര്യ ദ്വീപില്‍ കഴിയവേ ഒരാള്‍ക്ക് വേണ്ടി തന്നെ കടത്തിക്കൊണ്ടുപോയെന്നും ഇയാളാണ് മറ്റാരേക്കാളും ക്രൂരമായി ബലാത്സംഗംചെയ്ത പുരുഷനെന്നും പുസ്തകത്തിലുണ്ട്. ”അന്ന് എനിക്ക് 18 വയസ്സായിരുന്നു. ബോധം പോകുന്നത് വരെ അയാള്‍ എന്നെ ശ്വാസംമുട്ടിച്ചു. ജീവന് നഷ്ടപ്പെടുമോയെന്ന് ഞാന്‍ ഭയപ്പെടുന്നത് കണ്ട് അയാള്‍ സന്തോഷിച്ചു. എന്നെ ഉപദ്രവിച്ചപ്പോള്‍ അയാള്‍ ഭീതിപ്പെടുത്തുന്നരീതിയില് ചിരിച്ചു. നിര്‍ത്തണമെന്ന് ഞാന്‍ അപേക്ഷിച്ചപ്പോള്‍ അയാള്‍ കൂടുതല്‍ ഉത്സാഹംകാണിച്ചു. അതിനുശേഷം അയാളുടെ അടുത്തേക്ക് തിരിച്ചയക്കരുതെന്ന് എപ്സ്റ്റീനോട് ഞാന്‍ കണ്ണീരോടെ അഭ്യര്‍ഥിച്ചു. മുട്ടുകുത്തി കരഞ്ഞുപറഞ്ഞു. പക്ഷേ, ആ മനുഷ്യനെ ഭയന്നിട്ടാണോ അതോ എന്തെങ്കിലും കടപ്പാട് കൊണ്ടാണോ എന്നറിയില്ല, എപ്സ്റ്റീന് അതിനെക്കുറിച്ച് ഒരു ഉറപ്പുംനല്കിയില്ല”, വിര്‍ജിനിയ പറഞ്ഞു.
പുസ്തകത്തിന്റെ യുഎസ് പതിപ്പിലാണ് പ്രശസ്തനായ പ്രധാനമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിര്‍ജിനിയ എഴുതിയിരിക്കുന്നത്. അതേസമയം. ഇതേ പുസ്തകത്തിന്റെ യുകെ പതിപ്പില്‍ ഒരു മുന്‍മന്ത്രി എന്നുമാത്രമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പൊരുത്തക്കേടിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നേരത്തേ പരാതി ഉന്നയിച്ചിരുന്ന ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനെതിരേയും തന്റെ പുസ്തകത്തില്‍ വിര്‍ജിനിയ തുറന്നെഴുതിയിട്ടുണ്ട്. കൗമാരക്കാരിയായിരുന്ന കാലത്താണ് ആന്‍ഡ്രൂ രാജകുമാരന് തന്നെ ഉപദ്രവിച്ചതെന്നും കോടതിയില്‍ അദ്ദേഹത്തിനെതിരേ നിയമനടപടികളുമായി മുന്നോട്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് വിര്‍ജിനിയ പറയുന്നത്. തനിക്ക് 17 വയസ്സ് പ്രായമുള്ളപ്പോള്‍ മുതല്‍ മൂന്നുതവണയാണ് ആന്‍ഡ്രൂ രാജകുമാരന് ലൈംഗികമായി പീഡിപ്പിച്ചതെന്നും പുസ്തകത്തിലുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഓസ്ട്രേലിയയിലെ താമസസ്ഥലത്ത് വിര്‍ജിനിയയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. യുഎസില്‍ ജനിച്ച വിര്‍ജിനിയ ഭര്‍ത്താവ് റോബര്‍ട്ടിനും മക്കള്‍ക്കും ഒപ്പം ഓസ്ട്രേലിയയിലെ നോര്‍ത്ത് പെര്‍ത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍, അടുത്തിടെ ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് ഒരു കാറപകടത്തില്‍ തനിക്ക് പരിക്കേറ്റതായി വിര്‍ജിനിയ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിയിരുന്നു.
ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതിക്കാരിയായിരുന്നു വിര്‍ജിനിയ ജിഫ്രി. 17-ാം വയസ്സില്‍ എപ്സ്റ്റീനും ഇയാളുടെ പെണ്‍സുഹൃത്തായ മാക്സ് വെല്ലും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും വര്‍ഷങ്ങളോളം ലൈംഗികപീഡനത്തിനിരയാക്കിയെന്നും വിര്‍ജിനിയ പരാതിപ്പെട്ടിരുന്നു. ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന് തന്നെ കൈമാറിയത് എപ്സ്റ്റീനാണെന്നും ആന്‍ഡ്രൂ രാജകുമാരനും തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു. അതേസമയം, യുവതിയുടെ ലൈംഗികാരോപണം ആന്‍ഡ്രൂ രാജകുമാരന് നിഷേധിച്ചിരുന്നു. പിന്നീട് 2022-ല്‍ വിര്‍ജിനിയയുമായി രാജകുമാരന് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തി. എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ പശ്ചാത്തപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയെങ്കിലും ക്ഷമാപണം നടത്തുകയോ വിര്‍ജിനിയയുടെ ആരോപണങ്ങള്‍ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല.
എപ്സ്റ്റീനെതിരേ പരാതി നല്കാന് മുന്നിട്ടിറങ്ങിയ വിര്‍ജിനിയ ഇയാള്‍ക്കെതിരായ നിയമപോരാട്ടത്തില്‍ ഉറച്ചുനിന്നു. വിര്‍ജിനിയ തന്റെ ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് എപ്സ്റ്റീന്റെ ക്രൂരതയ്ക്കിരയായ കൂടുതല്‍ ഇരകള്‍ പരാതിയുമായി രംഗത്തെത്തിയത്. എപ്സ്റ്റീനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ വിര്‍ജിനിയെ മീടൂ പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകയായും മാറി.
നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന് 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരുകേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു.




