Monday, April 13, 2026
Google search engine
HomeNewsNational Newsറഷ്യന്‍ എണ്ണ ഇറക്കുമതി കുത്തനെ കുറയ്ക്കാന്‍ ഇന്ത്യ; യുഎസ് വ്യാപാര കരാര്‍ നടപ്പാവുമെന്ന് പ്രതീക്ഷ

റഷ്യന്‍ എണ്ണ ഇറക്കുമതി കുത്തനെ കുറയ്ക്കാന്‍ ഇന്ത്യ; യുഎസ് വ്യാപാര കരാര്‍ നടപ്പാവുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: രണ്ട് പ്രമുഖ റഷ്യന്‍ എണ്ണ ഉത്പാദകര്‍ക്കെതിരായ യു.എസ് ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസുമായുള്ള വ്യാപാര കരാറിനുള്ള പ്രധാന തടസം ഇതോടെ നീങ്ങിയേക്കും.

റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉത്പാദകരായ ലുക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയ്ക്കാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഇന്ത്യന്‍ ഉപഭോക്താവായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് റോസ്‌നെഫ്റ്റുമായുള്ള ദീര്‍ഘകാല കരാര്‍ നിര്‍ത്തലാക്കാനോ ഇറക്കുമതി കുറയ്ക്കാനോ പദ്ധതിയിടുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

‘റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പുനഃക്രമീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി പൂര്‍ണ്ണമായും യോജിച്ച് റിലയന്‍സ് പ്രവര്‍ത്തിക്കും.’ റിലയന്‍സ് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പൊതുമേഖലാ റിഫൈനറികളും റോസ്‌നെഫ്റ്റില്‍നിന്നും ലുക്കോയിലില്‍നിന്നും നേരിട്ട് എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ വ്യാപാരരേഖകളുടെ പരിശോധന യുഎസ് കര്‍ശനമാക്കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ ഗുജറാത്തിലെ ജാംനഗറില്‍ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയം സ്വന്തമായുള്ള മുകേഷ് അംബാനിയുടെ റിലയന്‍സിന് റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റില്‍നിന്ന് പ്രതിദിനം ഏകദേശം 5,00,000 ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ദീര്‍ഘകാല കരാറുണ്ട്. ഇടനിലക്കാരില്‍നിന്നും റിലയന്‍സ് റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്.

റോസ്‌നെഫ്റ്റിനു ഭൂരിപക്ഷം ഓഹരികളുള്ള നയാര എനര്‍ജിയും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നുണ്ട്. റിലയന്‍സ് മിഡില്‍ ഈസ്റ്റില്‍നിന്നും ബ്രസീലില്‍നിന്നും സ്പോട്ട് ക്രൂഡ് കാര്‍ഗോകള്‍ വാങ്ങിയിട്ടുണ്ടെന്നും ഇത് റഷ്യന്‍ വിതരണത്തിന് പകരമായി ഉപയോഗിക്കാമെന്നും ഈ മേഖലയിലുള്ള വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ പൊതുമേഖല റിഫൈനറികള്‍ ഇടനിലക്കാര്‍ വഴിയാണ് എണ്ണ വാങ്ങുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധത്തിന് ശേഷം വിലക്കിഴിവുള്ള റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ മാറിയിരുന്നു. ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ പ്രതിദിനം ഏകദേശം 1.7 ദശലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments