കൊച്ചി: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെ. ഒരു കരാറും ഇല്ലാതെയാണ് സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയം വിട്ടുനല്‍കി കോടികള്‍ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്തിരിക്കുന്നത്. ഇത് പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജിസിഡിഎക്കും (ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്മെന്റ് അതോറിറ്റി) സംഭവിച്ച ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
ഈ മാസം ഒന്‍പതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കരാറിനെ കുറിച്ച് ധാരണയായത്. ജിസിഡിഎ, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, സ്‌പോണ്‍സര്‍ എന്നിവര്‍ ചേര്‍ന്ന് ത്രികക്ഷി കരാറിലേക്ക് പോകാനാണ് യോഗത്തില്‍ ധാരണ ഉണ്ടാക്കിയത്. എറണാകുളത്തു നിന്നുള്ള മന്ത്രി പി. രാജീവ് അടക്കമുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഈ ത്രികക്ഷി കരാറിന് ധാരണ ഉണ്ടാക്കിയതല്ലാതെ ഇതുവരെ ഒപ്പിട്ടിരുന്നില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നത് 24-ാം തീയതിയാണ്. അപ്പോഴേക്കും അര്‍ജന്റീന ടീം നവംബറില്‍ വരില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. അതിനുശേഷം ത്രികക്ഷി കരാറിന്റെ കാര്യത്തില്‍ എന്ത് നടപടി ഉണ്ടായി എന്നത് ഇപ്പോഴും വ്യക്തമല്ല. പരിശോധനയ്ക്കായി നിയമവകുപ്പില്‍ പോലും ഈ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ല. ചുരുക്കത്തില്‍, ത്രികക്ഷി കരാറിന് ധാരണ ഉണ്ടായി എന്നതിനപ്പുറത്ത് കരാര്‍ ഒപ്പിടാതെയാണ് സ്റ്റേഡിയത്തിലെ എല്ലാ നിര്‍മ്മാണ പ്രവൃത്തികളും നടന്നുകൊണ്ടിരിക്കുന്നത്.
കരാറില്ലാത്ത സാഹചര്യത്തിലും സ്റ്റേഡിയത്തില്‍ വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്‌പോണ്‍സര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തിന്റെ പിച്ച് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും പുതുക്കിപ്പണിയുകയാണ്. കസേരകള്‍ പൂര്‍ണ്ണമായും ഇളക്കി മാറ്റി. അതോടൊപ്പം ഫ്‌ലഡ് ലൈറ്റുകളും പൂര്‍ണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. നവംബര്‍ 30-നകം സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു നല്‍കാമെന്ന വാഗ്ദാനമാണ് സ്‌പോണ്‍സറുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള പൊതുമുതലാണ്. ഇത് ആര്‍ക്കെങ്കിലും കൈമാറണമെങ്കില്‍ കൃത്യമായ കരാറുകളും വ്യവസ്ഥകളും വാടകയും നിശ്ചയിക്കണം. വാടക ഒഴിവാക്കി കൊടുക്കണമെങ്കില്‍ പോലും തദ്ദേശ ഭരണ വകുപ്പിന്റെ തീരുമാനം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ ഒന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
ഇടയ്ക്ക് വെച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ സ്‌പോണ്‍സര്‍ നിര്‍ത്തിയാല്‍, അതിന്റെ ഉത്തരവാദിത്വം സ്‌പോണ്‍സര്‍ക്ക് മേല്‍ ചുമത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാരും ജിസിഡിഎയും എത്തിനില്‍ക്കുന്നത്. കരാറില്ലാതെ ഒരു പൊതുമുതല്‍ നിര്‍മ്മാണത്തിന് വിട്ടുകൊടുത്തതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഇപ്പോള്‍ ജിസിഡിഎ, കായിക വകുപ്പ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയില്‍ പരിമിതപ്പെടുകയാണ്.
മത്സരത്തിന്റെ കോര്‍ഡിനേഷന്‍ ചുമതലയ്ക്കായി സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനെയാണ് എസ്പിവി ആയി നിശ്ചയിച്ചത്. ഈ ഫൗണ്ടേഷന്‍ കായിക വകുപ്പിന് കീഴിലുള്ള സംവിധാനമാണ്. അതിനാല്‍, സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയതിന് പിന്നിലെ കരാറും ഉറപ്പും എന്താണെന്ന് വ്യക്തമാക്കേണ്ടത് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ തന്നെയാണ്.
യഥാര്‍ത്ഥത്തില്‍ അര്‍ജന്റീന ടീമിനെപ്പോലെ ഒരു രാജ്യാന്തര ടീം വന്ന് മത്സരം നടത്തണമെങ്കില്‍ ഫിഫയുടെ അനുമതി വേണം. സ്റ്റേഡിയം മത്സരത്തിന് യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ടത് ഫിഫയാണ്. എന്നാല്‍ ഫിഫയുടെ അംഗീകാരം നേടാതെയാണ് എല്ലാ കാര്യവും മുന്നോട്ട് പോയത് എന്നതാണ് വിചിത്രമായ കാര്യം. ഈ വിഷയത്തില്‍ കായികമന്ത്രി സ്‌പെയിനിലേക്ക് പോയി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.




