ടോക്കിയോ: 2028ല്‍ മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്ക് വീണ്ടും പ്രസിഡന്റാകാന്‍ ആഗ്രഹമുണ്ടെന്നും എക്കാലത്തെയും വലിയ പിന്തുണ തനിക്കുണ്ടെന്നും ആണ് മൂന്നാമതും പ്രസിഡന്റ് ആകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ട്രംപിന്റെ മറുപടി.
ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും മത്സരിക്കണമെന്ന വൈറ്റ് ഹൗസ് മുന്‍ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനന്റെ നിര്‍ദേശത്തെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ വീണ്ടും മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ശരിക്കും ചിന്തിച്ചിട്ടില്ലെന്നും ഉടനടി ട്രംപ് പറഞ്ഞു.
തന്റെ കാലാവധി കഴിഞ്ഞാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയെ നയിക്കാന്‍ സാധ്യതയുള്ള പിന്‍ഗാമികളെക്കുറിച്ചും ട്രംപ് സൂചന നല്‍കി. 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രധാന മത്സരാര്‍ഥികളായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും ആണ് ട്രംപ് നിര്‍ദേശിച്ചത്.
റൂബിയോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങള്‍ക്ക് ശരിക്കും നല്ല ആളുകളുണ്ടെന്ന് ട്രംപ് പറഞ്ഞു. ”ഞങ്ങള്‍ക്ക് മികച്ച നേതാക്കളുണ്ട്. അവരില്‍ ഒരാള്‍ ഇവിടെ നില്‍ക്കുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും മികച്ച നേതാവാണ്. ഈ രണ്ടുപേര്‍ക്കെതിരെയും ആരും മത്സരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല” ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ട്രംപ് വീണ്ടും മത്സരിക്കുന്നത് പരിഗണിക്കണമെന്ന് വാദിക്കുന്നവരില്‍ ഒരാളാണ് സ്റ്റീവ് ബാനന്‍. ട്രംപിന് മൂന്നാം തവണയും മത്സരിക്കാനുള്ള ഒരു പദ്ധതിയുണ്ടെന്ന് അടുത്തിടെ തന്റെ പോഡ്കാസ്റ്റില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു. യുഎസ് ഭരണഘടന അനുസരിച്ച് ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്റ് ആകാന്‍ സാധിക്കൂ.
ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മലേഷ്യയില്‍ നിന്നാണ് ട്രംപ് ജപ്പാനില്‍ എത്തിയത്. തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചെന്നും ഇനി യുദ്ധമില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ദശലക്ഷക്കണക്കിനു ജീവന്‍ രക്ഷപ്പെട്ടു. ഇത് ചെയ്യാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ട്രംപ് കുറിച്ചു.




