ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് രാജവംശത്തിലെ ആന്‍ഡ്രൂ രാജകുമാരന്റെ പദവികള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ‘ആന്‍ഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേരുകളും പദവികളും ബഹുമതികളും നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ചാള്‍സ് മഹാരാജാവ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നു.’ ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
ആന്‍ഡ്രൂ രാജകുമാരന്‍ ഇനി ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍ എന്നറിയപ്പെടും. രാജകൊട്ടാരത്തില്‍ താമസിക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ദേഹം മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും. തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡ്രൂ രാജകുമാരന്‍ നിഷേധിക്കുന്നുണ്ടെങ്കിലും രാജകൊട്ടാരം നടപടികളുമായി മുന്നോട്ടു പോവുകയാണ്.
‘എല്ലാത്തരം ദുരുപയോഗങ്ങള്‍ക്ക് ഇരയായവരോടും അതിജീവിച്ചവരോടുമൊപ്പം തങ്ങളുടെ ചിന്തകളും പരിപൂര്‍ണ്ണമായ സഹതാപവും എപ്പോഴുമുണ്ടായിരിക്കും എന്ന് വ്യക്തമാക്കാന്‍ രാജാവും രാജ്ഞിയും ആഗ്രഹിക്കുന്നു.’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.അതേസമയം, അദ്ദേഹത്തിന്റെ പെണ്‍മക്കളായ യൂജിനി രാജകുമാരിക്കും ബിയാട്രിസ് രാജകുമാരിക്കും പദവികള്‍ നിലനിര്‍ത്താനാകും.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദത്തില്‍ വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ആന്‍ഡ്രൂ രാജകുമാരനെതിരെ ആരോപണമുന്നയിച്ച വിര്‍ജീനിയ ജിഫ്രേയുടെ മരണാനന്തര ഓര്‍മ്മക്കുറിപ്പായ ‘നോബഡീസ് ഗേള്‍’ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്.
കൗമാരക്കാരകാലത്ത് ആന്‍ഡ്രൂ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഓര്‍മ്മക്കുറിപ്പില്‍ വിര്‍ജീനിയ ജിഫ്രേ രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ സിവില്‍ കേസില്‍ ജിഫ്രേയ്ക്ക് വന്‍തുക നല്‍കി ആന്‍ഡ്രൂ ഒത്തുതീര്‍പ്പാക്കിയിരുന്നു. ജിഫ്രേ എപ്സ്റ്റീന്‍ തന്നെ ലൈംഗിക അടിമയാക്കി പലര്‍ക്കും കാഴ്ച്ചവെച്ചതായും ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു. ഈ വര്‍ഷംഏപ്രില്‍ മാസത്തില്‍ ജിഫ്രേ ജീവനൊടുക്കി. തന്റെ ദുരനുഭവങ്ങള്‍ ലോകത്തോട് വിളിച്ച് പറഞ്ഞിട്ടും നിരവധിപേര്‍ പിന്തുണച്ചിട്ടും വിഷാദത്തില്‍ നിന്ന് മുക്തമാകാന്‍ ജിഫ്രേയ്ക്ക് സാധിച്ചില്ല.




