വത്തിക്കാന്‍ സിറ്റി: അമ്മയായ മറിയത്തിന്റെ വിവേകമുള്ള വാക്കുകള്‍ യേശു കേട്ടിരിക്കാമെങ്കിലും ലോകത്തെ നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നതില്‍ മാതാവിന്റെ സഹായമുണ്ടായിട്ടില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കത്തോലിക്കര്‍ മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്ന് വിശ്വാസതിരുസംഘം തയ്യാറാക്കി, ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ അംഗീകരിച്ച പുതിയ ശാസനം പറയുന്നു.
ആണ്ടുകളായി സഭയ്ക്കുള്ളില്‍ നടന്നിരുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്കാണ് ഇതോടെ തീര്‍പ്പായത്. യേശു ഒറ്റയ്ക്കാണ് ലോകത്തെ രക്ഷിച്ചതെന്ന് പുതിയശാസനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ”സഹരക്ഷക എന്ന പദവി ഉചിതമല്ല. ഈ പദവി ആശയക്കുഴപ്പവും ക്രിസ്തീയവിശ്വാസത്തിന്റെ സത്യങ്ങളുടെ പൊരുത്തത്തില്‍ അസന്തുലനവുമുണ്ടാക്കു”മെന്ന് ശാസനം പറയുന്നു.
കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകിയെന്നാണ് കത്തോലിക്കാവിശ്വാസം. കത്തോലിക്കരും മറ്റ് ഒട്ടേറെ ക്രിസ്തീയവിഭാഗങ്ങളും ദൈവമാതാവ് എന്നു വിളിക്കുന്ന മറിയം ഈ രക്ഷാകൃത്യത്തില്‍ യേശുവിനെ സഹായിച്ചോ എന്ന് സഭാപണ്ഡിതര്‍ നൂറ്റാണ്ടുകളായി ചര്‍ച്ചചെയ്യുന്നുണ്ട്. മറിയത്തിന് സഹരക്ഷക എന്ന വിശേഷണം നല്‍കുന്നതിനെ അന്തരിച്ച മാര്‍പാപ്പമാരായ ഫ്രാന്‍സിസും ബെനഡിക്ട് പതിനാറാമനും എതിര്‍ത്തിരുന്നു. ബെനഡിക്ട് പതിനാറാമന്റെ മുന്‍ഗാമി ജോണ്‍പോള്‍ രണ്ടാമന്‍ ഈ വിശേഷണത്തെ പിന്തുണച്ചിരുന്നെങ്കിലും വിശ്വാസതിരുസംഘം ഇക്കാര്യത്തില്‍ സംശയമുന്നയിച്ചതോടെ പരസ്യമായി അതുപയോഗിക്കുന്നത് അവസാനിപ്പിക്കുകയുണ്ടായി.




