ന്യൂഡല്‍ഹി: രാജ്യത്ത് പത്തുവര്‍ഷത്തിനിടെ ക്രൈസ്തവവിഭാഗങ്ങളോടുള്ള അതിക്രമങ്ങള്‍ 500 ശതമാനം വര്‍ധിച്ചെന്ന് ക്രൈസ്തവ അവകാശ സംഘടനയായ കണ്‍സേണ്‍ഡ് ക്രിസ്ത്യന്‍ സിറ്റിസണ്‍സ് ഓഫ് ഇന്ത്യ. 2014-ല്‍ 139 അക്രമ സംഭവങ്ങളുണ്ടായിരുന്നത് 2024-ല്‍ 843 അതിക്രമങ്ങളായി വര്‍ധിച്ചെന്ന് സംഘടന ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 12 വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്കുനേരേ 4959 അതിക്രമ സംഭവങ്ങളുണ്ടായി. ഈവര്‍ഷം സെപ്റ്റംബര്‍ വരെ 579 അതിക്രമങ്ങളുണ്ടായി. അതില്‍ 39 എണ്ണത്തില്‍മാത്രമേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്ചെയ്തിട്ടുള്ളൂ. 2014-2018 കാലയളവില്‍ 1052 അക്രമങ്ങളാണുണ്ടായിരുന്നത്. 2019-’22 കാലയളവില്‍ 62 ശതമാനം വര്‍ധനയോടെ 1711 അക്രമങ്ങളുണ്ടായി.
2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വീണ്ടും 28 ശതമാനം വര്‍ധനയുണ്ടായി. 2196 അക്രമസംഭവങ്ങളാണ് ഈ കാലയളവിലുണ്ടായതെന്നും സംഘടന ആരോപിച്ചു. കൂടുതല്‍ സംഘര്‍ഷങ്ങളുള്ള യുപി, ഛത്തീസ്ഗഢ്, തമിഴ്നാട്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കുനേരേയുള്ളതില്‍ 76.9 ശതമാനം അതിക്രമങ്ങളും. അതില്‍ത്തന്നെ 31 ശതമാനം അക്രമങ്ങള്‍ യുപിയിലും 22 ശതമാനം അക്രമങ്ങള്‍ ഛത്തീസ്ഗഢിലുമാണെന്നും സംഘടന പത്രസമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ 29-ന് ദേശീയ ക്രൈസ്തവസമ്മേളനം 2025 ഡല്‍ഹി ജന്തര്‍മന്തറില്‍ സംഘടിപ്പിക്കുമെന്നും കണ്‍സേണ്‍ഡ് ക്രിസ്ത്യന്‍ സിറ്റിസണ്‍സ് ഓഫ് ഇന്ത്യ കണ്‍വീനര്‍ എ.സി. മൈക്കിള്‍ അറിയിച്ചു.




