ബംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ യാത്രക്കാരെ ലക്ഷ്യമാക്കി പുതിയ വിമാനത്താവളം നിര്‍മിക്കുന്നതില്‍ മത്സരിച്ച് കര്‍ണാടകയും തമിഴ്‌നാടും. ബെംഗളൂരുവില്‍ രണ്ടാം വിമാനത്താവളം നിര്‍മിക്കാന്‍ കര്‍ണാടക ഒരുങ്ങുമ്പോള്‍ ബെംഗളൂരു നഗരാതിര്‍ത്തിയായ അത്തിബലേയില്‍നിന്ന് 50 കിലോ മീറ്ററിനുള്ളില്‍ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ പുതിയ വിമാനത്തവളത്തിനുള്ള നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. തമിഴ്‌നാടിന്റെ നീക്കം തടയാന്‍ കര്‍ണാടക പുതിയ വിമാനത്താവള നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.
വൈദ്യുത വാഹനനിര്‍മാണം അടക്കമുള്ള മേഖലകളില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ച് ഹൊസൂരിനെ വ്യാവസായ കേന്ദ്രമാക്കി മാറ്റാന്‍ തമിഴ്‌നാട് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ വിമാനത്താവളം ആരംഭിക്കുന്നതെന്നാണ് വിശദീകരണമെങ്കിലും ബെംഗളൂരു നഗരത്തിന്റെ തെക്കന്‍ ഭാഗത്ത് നിന്നുള്ള യാത്രക്കാരെയാണ് പുതിയ വിമാനത്താവളത്തിലൂടെ തമിഴ്‌നാട് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. ഇതിനെ ചെറുക്കാന്‍ ബെംഗളൂരുവിന്റെ തെക്കന്‍ മേഖലയില്‍ തന്നെയാണ് കര്‍ണാടക പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (ബിയാല്‍) വ്യോമയാന മന്ത്രാലയവും തമ്മിലുള്ള കരാര്‍ പ്രകാരം ബെംഗളൂരുവിലെ നിലവിലെ വിമാനത്താവളത്തിന് 150 കിലോ മീറ്റര്‍ പരിധിയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുന്നതിന് ബിയാലിന്റെ സമ്മതപത്രം വേണം. 2033 വരെ ഈ സ്ഥലപരിധിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള അവകാശം ബിയാലിനാണ്. അതിനാല്‍ മത്സരത്തില്‍ ഇപ്പോളും കര്‍ണാടകത്തിന് തന്നെയാണ് മേല്‍ക്കൈ. ബെംഗളൂരുവിലെ പുതിയ വിമാനത്താവള പദ്ധതി 2033-ലും പൂര്‍ത്തിയായില്ലെങ്കില്‍ സ്ഥിതിമാറും.




