ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വായു നിലവാരം ഇന്നും നാളെയും കൂടുതല്‍ മോശമാകുമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പു നല്കി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വായുനിലവാരം സൂചിക ‘വളരെ മോശം’ നിലവാരത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ വയ്ക്കോല് കത്തിക്കല്‍ വ്യാപകമായിരുന്നു.
കാര്‍ഷികാവശിഷ്ടങ്ങളുടെ പൊടിയടങ്ങിയ പുകക്കാറ്റ് ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ വ്യാപിക്കുകയാണ്. ഒപ്പം ശൈത്യം ശക്തി പ്രാപിക്കുന്നതിനാല്‍ മലിനവായു അന്തരീക്ഷത്തില്‍ തങ്ങിനിന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്നു ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നിര്‍ദേശിച്ചു. വരുംദിവസങ്ങളില്‍ വായു ഗുണനിലവാര സൂചിക (എക്യുഐ) 300നു മുകളില്‍ തുടരുന്ന സ്ഥിതിയാണ്. വായു മലിനീകരണത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങളും എയിംസ് പുറത്തിറക്കി.
സംസ്ഥാനത്തു വായു മലിനീകരണം ഏറ്റവും രൂക്ഷമായ ആനന്ദ് വിഹാറില്‍ മിസ്റ്റ് സ്പ്രേയിങ് സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നു പിഡബ്ല്യുഡി. സംസ്ഥാനത്തു വായുമലിനീകരണത്തോത് ഉയര്‍ന്നു നില്ക്കുന്ന നരേല, ബാവ്ന, ജഹാംഗിര്‍പുരി എന്നിവടങ്ങളില്‍ നിലവില്‍ മിസ്റ്റ് സ്പ്രേയിങ് സംവിധാനം സ്ഥാപിച്ചു. സംസ്ഥാനത്താകെ 13 സ്ഥലങ്ങളിലാണ് സ്പ്രിന്‍ക്ലറുകള്‍ സ്ഥാപിക്കുക. മണിക്കൂറില്‍ 2000 ലീറ്റര്‍ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനമാണിത്. 5 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെ 4 കോടി രൂപയാണു പദ്ധതിയുടെ ചെലവ്. രാവിലെ 6 മുതല്‍ ഉച്ചയ്ക്കു 2 വരെയും ഉച്ചയ്ക്കു 2 മുതല്‍ രാത്രി 10 വരെയും രണ്ടു ഷിഫ്റ്റുകളിലായി 15 മിനിറ്റ് ഇടവേളകളിലാണു വെള്ളം സ്പ്രേ ചെയ്യുന്നത്.
മലിനീകരണ നിയന്ത്രണ (പിയുസി) സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ വാഹനമോടിച്ചതിനു പത്തുമാസത്തിനിടെ പിഴ ലഭിച്ചത് 4.87 ലക്ഷം ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു പിഴ ലഭിച്ചവരുടെ എണ്ണം 20% ഉയര്‍ന്നതായും ഡല്‍ഹി ട്രാഫിക് പൊലീസ് അറിയിച്ചു. വായു മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുന്ന ഡല്‍ഹിയെ സഹായിക്കാമെന്നാണ് ചൈനയുടെ വാഗ്ദാനം. ‘ഗുരുതരമായ പുക കാരണം ചൈനയും ഒരിക്കല്‍ ബുദ്ധിമുട്ടിയിരുന്നു. അവിടെ നിന്ന് നീലാകാശത്തിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ തയാറാണ്.’ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് സമൂഹമാധ്യമത്തില്‍ കുറിച്ചു.




