ഛണ്ഡിഗഡ്: രാഹുല്‍ ഗാന്ധി വോട്ടുകൊള്ള ആരോപിച്ച ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള 22 വോട്ടര്‍മാരില്‍ ഒരാള്‍ മരിച്ചയാളെന്ന് ബന്ധുക്കള്‍. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുവര്‍ഷം മുന്‍പ് 2022 മാര്‍ച്ചിലാണ് ഗുനിയ എന്ന വോട്ടര്‍ മരിച്ചത്. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടെന്നതും ചിത്രം വിദേശ വനിതയുടേതാണെതും പുതിയ വിവരമാണെന്നും ആണ് കുടുംബത്തിന്റെ പ്രതികരണം.
എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ഗുനിയയുടെ മരണ സര്‍ട്ടിഫിക്കറ്റ് പങ്കുവച്ച് അവരുടെ അമ്മായിയമ്മ പറഞ്ഞു. മരണത്തിനു മുന്‍പ് ഗുനിയ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. തങ്ങള്‍ യഥാര്‍ഥ വോട്ടര്‍മാരാണെന്നും ചിത്രം മാത്രമാണ് മാറിപ്പോയതെന്നും പ്രതികരിച്ച് നേരത്തെ അഞ്ചുപേര്‍ രംഗത്തെത്തിയിരുന്നു.
വോട്ടു കൊള്ള ആരോപണത്തില്‍ ഈ മാസം അവസാനം ഡല്‍ഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോണ്‍ഗ്രസ് നീക്കം. ആരോപണം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടന്‍ പ്രഖ്യാപിക്കും. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണ ഹര്‍ജികള്‍ തീര്‍പ്പാകാതെ സുപ്രീംകോടതി പരിഗണനയിലിരിക്കുന്നതിനാല്‍ വോട്ട് കൊള്ളയില്‍ ഉടന്‍ കോടതിയെ സമീപിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്.




