Saturday, April 11, 2026
Google search engine
HomeNewsലോകത്തുള്ള എല്ലാവര്‍ക്കും ' ഉയര്‍ന്ന ശമ്പളം' നല്‍കാന്‍ മസ്‌ക്, ജോലിയെല്ലാം ഒപ്റ്റിമസ് ചെയ്യും; ഹൈ-ടെക് ദാരിദ്ര്യനിര്‍മ്മാര്‍ജന...

ലോകത്തുള്ള എല്ലാവര്‍ക്കും ‘ ഉയര്‍ന്ന ശമ്പളം’ നല്‍കാന്‍ മസ്‌ക്, ജോലിയെല്ലാം ഒപ്റ്റിമസ് ചെയ്യും; ഹൈ-ടെക് ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതി ഇങ്ങനെ..

ന്യൂയോര്‍ക്ക്: ഹൈ-ടെക് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന സ്വപ്‌ന പദ്ധതിയുടെ പ്ലാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്ല കമ്പനിയുടെ മേധാവിയായ ഇലോണ്‍ മസ്‌ക്. ലോകത്തെ പണികളെല്ലാം തന്റെ കമ്പനി നിര്‍മ്മിച്ചുവരുന്ന റോബട്ട് ആയ ഒപ്റ്റിമസ് ചെയ്‌തോളുമെന്നും, ലോകത്ത് എവിടെയുമുള്ള മനുഷ്യര്‍ക്ക് ”യൂണിവേഴ്‌സല്‍ ഹൈ ഇന്‍കം” നല്‍കുമെന്നുമാണ് 1 ട്രില്യന്‍ ഡോളര്‍ പ്രതിഫലം വാങ്ങാന്‍ കാത്തിരിക്കുന്ന മസ്‌ക് പറയുന്നത്. ടെസ്ലയുടെ ഓഹരിയുടമകളുടെ മീറ്റിങില്‍ മസ്‌ക് പറഞ്ഞത് ഒരുകാലത്ത് ഒപ്റ്റിമസിന് എല്ലാത്തരത്തിലുമുള്ള മനുഷ്യ അധ്വാനം തന്നെ ഇല്ലാതാക്കാനാകുമെന്നാണ്.

ചൊവ്വാ ഗ്രഹത്തില്‍ മനുഷ്യക്കോളനി സ്ഥാപിക്കണം എന്നു തുടങ്ങി, അസാധാരണ സ്വപ്നങ്ങള്‍ കാണുകയും അവയില്‍ ചിലതെങ്കിലും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിട്ടുള്ള മസ്‌കിന്റെ പുതിയ വിചാരവും അദ്ദേഹത്തിന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍, ഇതിനെതിരെ പല വിമര്‍ശനങ്ങളും ഉയരുന്നു. ഇതൊക്കെ യാഥാര്‍ത്ഥ്യമായാലും ഇല്ലെങ്കിലും മനുഷ്യരെ അപ്രസക്തരാക്കാനുള്ള ചിന്ത പോലും നല്ലതല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പക്ഷെ മസ്‌ക് പറയുന്നത്, മനുഷ്യര്‍ക്കെല്ലാം ഉന്നത വരുമാനം നല്‍കുമെന്നും, തങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് അവര്‍ക്ക് തന്നെ തീരുമാനിക്കാമെന്നുമാണ്.

ഒപ്റ്റിമസ് വെറുമൊരു ഫാക്ടറി അസിസ്റ്റന്റ് അല്ല. റോബോട്ടിക്‌സിലെ എന്‍ജിനീയറിങ് പുരോഗതി അറിയിക്കുന്ന ഒരു പ്രദര്‍ശനവുമല്ല. ഭാവി മനുഷ്യരുടെ ജീവിതത്തിലെ നിലനിര്‍ത്താനാകുന്ന സമൃദ്ധിക്ക് വേണ്ട അടിത്തറയായിരിക്കും അത്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും മനുഷ്യരുടെ ഇടപെടലില്ലാതെ നിരന്തരം നല്‍കാന്‍ സാധിക്കുന്ന ഒരു ഭാവി വന്നണയും. റോബട്ടുകള്‍ക്ക് ഇടതടവില്ലാതെ ജോലിയെടുക്കാന്‍ സാധിക്കുന്നതിനാല്‍ ഉദ്പാദനം 10 മടങ്ങോ അതിലധികമോ വര്‍ദ്ധിപ്പിക്കാന്‍ അവയ്ക്ക് സാധിക്കും. ഓരോ വ്യക്തിയുടെയും ആവശ്യത്തിന് വേണ്ടതിലേറെ ഉണ്ടാക്കാന്‍ സാധിക്കും, എന്നാണ് മസ്‌ക് വാദിക്കുന്നത്.

കൂടാതെ, നിര്‍മ്മിത ബുദ്ധിക്ക് (എഐ) പരിധികളില്ലാത്ത രീതിയില്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍, റോബട്ടുകളെ പണിയെടുക്കാന്‍ വിടുമ്പോള്‍ കഥ അതായിരിക്കില്ല. അവയുടെ പ്രവര്‍ത്തനത്തിന് പരിധികള്‍ ഉണ്ടാകും. ആ അവസരത്തില്‍ ജോലിയെടുക്കണം എന്നു തോന്നുന്ന മനുഷ്യര്‍ക്ക് വേണമെങ്കില്‍ ജോലിയെടുക്കുകയും ചെയ്യാം. എന്നു പറഞ്ഞാല്‍ തനിക്ക് ജോലിയെടുക്കണം എന്ന് ഏതെങ്കിലും മനുഷ്യന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു ഹോബി പോലെ പണിയെടുക്കാം, മസ്‌ക് പറയുന്നു.

മസ്‌കിന് ടെസ്ല ഓഹരി ഉടമകള്‍ അംഗീകരിച്ച 1 ട്രില്ല്യന്‍ ഡോളര്‍ പേ പാക്കേജ് ലഭിക്കണമെങ്കില്‍ മസ്‌ക് ചില നേട്ടങ്ങള്‍ കൈവരിക്കേണ്ടതായും ഉണ്ട്. കാറുകളുടെയും, റോബട്ടിന്റെയും ഉത്പാദനം വര്‍ദ്ധിപ്പിക്കണം. അദ്ദേഹത്തിന് നേടാന്‍ കമ്പനി ഏല്‍പ്പിച്ച് നല്‍കിയിരിക്കുന്ന പണികളിലൊന്ന് അടുത്ത പതിറ്റാണ്ടില്‍ 10 ലക്ഷം ഒപ്റ്റിമസുകളെ വില്‍ക്കണം എന്നതാണ്. മസ്‌കിനെ ഡ്രൈവര്‍ സീറ്റില്‍ ഇരുത്തി ഇലക്ട്രിക് കാര്‍ കമ്പനി എന്ന നിലയില്‍ നിന്ന് ടെസ്ല വേറിട്ട ട്രാക്കില്‍ ഓടാന്‍ ഒരുങ്ങുകയാണ്. റോബട്ട്, എഐ തുടങ്ങിയ മേഖലകളിലും അതിവേഗം കുതിക്കാനാണ് ഉദ്ദേശം.

മസ്‌കിന്റേത് അദ്ദേഹത്തിന്റെ ഒരു ആഗ്രഹമാണെങ്കില്‍ കൂടെ, മനുഷ്യരെ തൊഴിലിടങ്ങളില്‍ പുറത്താക്കാനുള്ള ശ്രമം പോലും സാമൂഹികമായ വന്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേക്കുമെന്നാണ് വാദം. ചരിത്രപരമായി ഓട്ടോമേഷന്‍ സാമ്പത്തിക സമത്വം കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് കാണാവുന്നത്. യന്ത്രങ്ങള്‍ കൈവശംവയ്ക്കാന്‍ സാധിക്കുന്നവരുടെ കൈയ്യില്‍ പണം കുമിഞ്ഞുകൂടുകയായിരിക്കും ചെയ്യുക. മസ്‌ക് പറയുന്ന യൂണിവേഴ്‌സല്‍ ഹൈ ഇന്‍കം ആരു നടപ്പാക്കുമെന്നും വിമര്‍ശകര്‍ ആരായുന്നു. ആരാണ് അതിന് പണം നല്‍കുക? ഏതു ഗവണ്‍മെന്റായിരിക്കും അതിന്റെ നിയന്ത്രണം നടത്തുക?

ഇനി ഇതൊന്നും പോരെങ്കില്‍ മസ്‌കിന്റെ ഒപ്റ്റിമസ് ഇപ്പോഴും ‘മുട്ടയില്‍ നിന്ന് വിരിഞ്ഞിട്ടുമില്ല’. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഒപ്റ്റിമസിന്റെ ആദിമ രൂപങ്ങള്‍ ചുരുക്കം ചില പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കും എന്നേയുള്ളു. മസ്‌ക് പ്രവചിക്കുന്ന തരത്തിലുള്ള ശേഷിയൊന്നും അത് ഇതുവരെ ആര്‍ജ്ജിച്ചിട്ടില്ല. ജോലി ചെയ്യേണ്ടാത്ത മനുഷ്യര്‍ എന്ന സങ്കല്‍പ്പം സമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നും വിമര്‍ശകര്‍ പറയുന്നു.

വിമര്‍ശകര്‍ എന്തൊക്കെ പറഞ്ഞാലും മസ്‌ക് തന്റെ സ്വപ്‌നം കാണല്‍ നിര്‍ത്താനൊന്നും ഉദ്ദേശിക്കുന്നില്ല. ദൈനംദിന ജോലികളൊക്കെ റോബട്ടുകളും മറ്റും ചെയ്യുന്നതോടെ മനുഷ്യര്‍ക്ക് സര്‍ഗ്ഗാത്മകമായി പലതും സാധ്യമാകുന്ന ഒരു ഘട്ടമായിരിക്കും തുറക്കുക എന്നാണ് അദ്ദേഹം പറയുന്നത്. സാമ്പത്തിക ഭദ്രത കൈവരുന്നതോടെ കൂടുതല്‍ നേരം പഠനത്തിനുവേണ്ടിയും മനുഷ്യര്‍ക്ക് ചെലവിടാം.

മസ്‌ക് സ്വപ്‌നം കാണുന്ന ലോകത്ത് ക്രിമിനലുകളെ ജയിലില്‍ അടയ്‌ക്കേണ്ട കാര്യമില്ല. അവര്‍ക്കൊപ്പം ഒരു ഒപ്റ്റിമസിനെ അയച്ചാല്‍ മതി. എന്തായാലും മസ്‌ക് സ്വപ്‌നം കാണുന്ന റോബട്ട് ഭാവി തത്കാലം ഭാവന മാത്രമാണ്. പലയിടങ്ങളിലും ഉപകാരപ്രദമായ എന്തെങ്കിലും മേന്മ കൊണ്ടുവരണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. എന്തായാലും, തൊഴില്‍ ചെയ്യണോ വേണ്ടയോ എന്ന് മനുഷ്യര്‍ക്ക് സ്വയം തീരുമാനിക്കാമെന്ന് മസ്‌ക് പറയുന്ന ഭാവിയിലേക്ക് എത്തണമെങ്കില്‍ ഇനിയും കാലം കണ്ടേക്കും. ‘ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍’ എന്നു പറഞ്ഞ് മസ്‌കിന്റെ ചിന്തകളെ തള്ളാന്‍ വരട്ടെ എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. ഉള്ളതുപോലെ അങ്ങു കഴിഞ്ഞാല്‍ മതി എന്ന വാദം മുന്നോട്ടുവയ്ക്കുന്നവര്‍ ഒരു പുരോഗതിയും കൊണ്ടുവരാറില്ല. ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നവരും സമൂഹത്തില്‍ ധാരാളമായി വേണം എന്നാണ് മസ്‌ക് ഫാന്‍സ് പറയുന്നത്.

അതിനിടയില്‍, ഇന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള ഗ്രാഫിക്‌സ് പ്രൊസസ്സര്‍ (ജിപിയു) നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയയുടെ മേധാവി ജെന്‍സണ്‍ ഹൗങ് മസ്‌കിനെ പുകഴ്ത്തി രംഗത്തെത്തി. ഇലോണ്‍ മസ്‌കിന്റെ മാനസികമായ ശേഷി പരമോന്നതമായ ജിപിയു ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. സങ്കീര്‍ണ്ണമായ ഒട്ടനവധി സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനുള്ള അദ്ദേഹത്തിന്റെ ശേഷിയെ ആണ് ജെന്‍സണ്‍ പ്രകീര്‍ത്തിച്ചത്. റോബട്ടിക്‌സ്, തനിയെ ഓടുന്ന വാഹനങ്ങള്‍, എഐ, സൂപ്പര്‍കംപ്യൂട്ടിങ്, തലയോട്ടിക്കുള്ളില്‍ വയ്ക്കുന്ന ചിപ്, സമൂഹ മാധ്യമമായ എക്‌സ് പ്ലാറ്റ്ഫോം, ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള സ്‌പേസ്എക്‌സ്, അതിന്റെ ഉപകമ്പനിയായ സ്റ്റാര്‍ലിങ്ക് തുടങ്ങി നിരവധി മേഖലകളില്‍ ഒരേ സമയം നോട്ടമെത്തിക്കാന്‍ സാധിക്കുന്ന മനുഷ്യര്‍ ഉണ്ടായേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വായിച്ചാല്‍ മനസിലാകുക.

മസ്‌കിന്റെ തലച്ചോര്‍ ശക്തമാണ്. അതിന് സ്വതന്ത്രമായി പല വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ സാധിക്കുന്നു. നിരവധി സങ്കീര്‍ണ്ണമായ മേഖലകളെ ഒരേ സമയം തലയില്‍ പാര്‍പ്പിച്ചിരിക്കുന്ന ആളാണ് മസ്‌ക് എന്നാണ് ജെന്‍സണ്‍ പറയുന്നത്. ടെക്‌നോളജി സങ്കീര്‍ണ്ണമാണ്. അതിനു വേണ്ട സാധനങ്ങള്‍ വാങ്ങുക എന്നതിന്റെ സാമ്പത്തിക വശം നോക്കണം. സ്ഥാപനങ്ങള്‍ക്കായി സ്ഥലം വാങ്ങണം, വൈദ്യുതിയുടെ കാര്യം നോക്കണം അങ്ങനെ എത്രയധികം കാര്യങ്ങള്‍ ഒരേസമയം നോക്കി നടത്തണം.

നിലവിലുള്ള ഇടപാടുകളൊന്നും പോരാഞ്ഞിട്ടാണെന്നു തോന്നുന്നു മസ്‌ക് പുതിയ ഒരു പദ്ധതി കൂടെ ആരംഭിക്കുകയാണ്. അതിന്റെ പേരാണ് കൊളോസസ് രണ്ട്. ലോകത്തെ ആദ്യത്തെ ഗിഗാവോട്ട് എഐ ട്രെയിനിങ് ക്ലസ്റ്റര്‍. അദ്ദേഹത്തിന്റെ മറ്റൊരു കമ്പനിയായ എക്‌സ്എഐ ആണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിനായി മസ്‌ക് ഇതുവരെ ഏകദേശം 400 ദശലക്ഷം ഡോളര്‍ മുടക്കിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതില്‍ ഇതുവരെ 200,000 എന്‍വിഡിയ ജിപിയുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments