Wednesday, April 8, 2026
Google search engine
HomeNewsNational Newsചെങ്കോട്ട സ്‌ഫോടനം: സൂത്രധാരന്‍ ഡോ.ഉമറിന്റെ വീട് സൈന്യം തകര്‍ത്തു; സ്ഥലത്ത് കോണ്‍ക്രീറ്റ് കൂമ്പാരം മാത്രം

ചെങ്കോട്ട സ്‌ഫോടനം: സൂത്രധാരന്‍ ഡോ.ഉമറിന്റെ വീട് സൈന്യം തകര്‍ത്തു; സ്ഥലത്ത് കോണ്‍ക്രീറ്റ് കൂമ്പാരം മാത്രം

ശ്രീനഗര്‍: ചെങ്കോട്ടയ്ക്കു മുന്നില്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. ജയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനയുടെ ഭാഗമാണ് ഉമര്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടില്‍നിന്ന് മാറ്റിയിരുന്നു. ബന്ധുക്കളില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് വീട് തകര്‍ത്തത്.

ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ നബിയാണെന്നു കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു. ചെങ്കോട്ട കാര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട സംഘം നാലു നഗരങ്ങളില്‍ക്കൂടി ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിലാല്‍ (35) എന്നയാള്‍ കൂടി മരിച്ചതോടെ, ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണം 13 ആയി.

ഡോ. ഉമറും അറസ്റ്റിലായ ഡോ. മുസമില്‍ അഹമ്മദ് ഗനായി, ഡോ. ഷഹീന്‍ സയീദ്, ഡോ. ആദില്‍ അഹമ്മദ് എന്നിവരും സ്വിറ്റ്‌സര്‍ലന്‍ഡിലെ എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനിലൂടെ ഭീകര സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും 26 ലക്ഷത്തിലേറെ രൂപ സമാഹരിച്ചിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ യുപിയിലെ ഹാപുര്‍ ജിഎസ് മെഡിക്കല്‍ കോളജിലെ അസി. പ്രഫസര്‍ ഡോ. ഫറൂഖ്, കാന്‍പുര്‍ ജിഎസ്വിഎം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി ഡിഎം വിദ്യാര്‍ഥി ഡോ. മുഹമ്മദ് ആരിഫ് മിര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഡോ. ഷഹീന്‍ സയീദ് സെപ്്റ്റംബര്‍ 25നു വാങ്ങിയ കാര്‍ ഫരീദാബാദ് ധൗജിലെ അല്‍ ഫലാഹ് സര്‍വകലാശാലാ ക്യാംപസില്‍നിന്നു കണ്ടെത്തി. ഉമര്‍ വാങ്ങിയ മറ്റൊരു കാര്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ആക്രമണപദ്ധതിയുടെ ഭാഗമായി ഇവര്‍ കൂടുതല്‍ കാറുകള്‍ വാങ്ങിയിരുന്നോയെന്നു പരിശോധിക്കുന്നു. സമാഹരിച്ച തുക സൂക്ഷിക്കാനും സ്‌ഫോടകവസ്തുക്കള്‍ വാങ്ങാനുമായി ഉമറിനെ ഏല്‍പിച്ചിരുന്നുവെന്നാണു കണ്ടെത്തല്‍. ഇതില്‍ 3 ലക്ഷം രൂപയ്ക്ക് ഗുരുഗ്രാം, നൂഹ് എന്നിവിടങ്ങളില്‍നിന്ന് 26 ക്വിന്റല്‍ എന്‍പികെ വളം വാങ്ങി. സ്‌ഫോടനങ്ങള്‍ക്കുള്ള ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) നിര്‍മാണത്തിന് ഇത് ഉപയോഗിക്കാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments