ന്യൂഡല്‍ഹി: ടി.പി. വധക്കേസിലെ കുറ്റവാളികള്‍ക്ക് അഭൂതപൂര്‍വവും അനുപാതരഹിതവുമായ ഇളവുകള്‍ ലഭിക്കുകയാണെന്ന് കെ.കെ. രമ. ഇത് സിസ്റ്റത്തിന്റെ നിഷ്പക്ഷതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇളക്കി മറിച്ചെന്നും കെ കെ രമ സുപ്രീം കോടതിയെ അറിയിച്ചു. ടി പി കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റും, അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കുമെന്നും രമ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിത കൊലപാതകങ്ങളിലും, സാമൂഹിക ഘടനയെ ബാധിക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിലും ജാമ്യം പരിഗണിക്കുമ്പോള്‍, കോടതികള്‍ സമൂഹത്തിലും പൊതുജനവിശ്വാസത്തിലും നീതിന്യായ വ്യവസ്ഥയിലും ചെലുത്തുന്ന സ്വാധീനം പരിഗണിക്കണം എന്നും രമ ആവശ്യപ്പെട്ടു.
ടി പി വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കെ കെ രമ കേസിലെ കുറ്റവാളികള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ അനുവദിച്ചു. ആറ് പേര്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രന്‍ 1081 ദിവസം പരോളില്‍ കഴിഞ്ഞെന്നാണ് രമ ചൂണ്ടിക്കാട്ടുന്നത്. അതായത് 31 % ജയിലിലിന് പുറത്ത് ആയിരുന്നു. ആറാം പ്രതി സിജിത്ത് 1078 ദിവസവും, രണ്ടാം പ്രതി മനോജ് 1068 ദിവസവും, നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും ആണ് പരോളില്‍ കഴിഞ്ഞത്. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോള്‍ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ എ കാര്‍ത്തിക് ആണ് രമയുടെ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്ളത് മികച്ച ചികിത്സ സൗകര്യങ്ങള്‍ ആണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കെ കെ രമ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെയുള്ള പ്രാഥമിക ആരോഗ്യ സംവിധാനങ്ങളും മികച്ചതാണ്. ഇത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണെന്നും വടകര എംഎല്‍എ കൂടിയായ കെ കെ രമ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആരോഗ്യ പരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ജ്യോതി ബാബുവിന് പരിയാരം മെഡിക്കല്‍ കോളേജില്‍ മികച്ച ചികത്സ ലഭ്യമായിട്ടുണ്ട്ന്നും ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കരുതെന്നും കെ കെ രമ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം ഇല്ലെങ്കില്‍ അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ആണ് പറയേണ്ടതെന്നും അല്ലാതെ ശിക്ഷിക്കപ്പെട്ട കുറ്റവാളി അല്ലെന്നും കെ കെ രമ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 389 (1) പ്രകാരം വധ ശിക്ഷ, ജീവപര്യന്തം, പത്ത് വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചവര്‍ എന്നിവരെ ജാമ്യത്തില്‍ വിടുന്നതിന് മുമ്പ് പബ്ലിക് പ്രോസിക്യുട്ടറുടെ നിലപാട് അറിയേണ്ടതാണ്. അതിനാല്‍ ജ്യാതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് നിലപാട് എഴുതി നല്‍കാന്‍ പ്രോസിക്യുട്ടറോട് നിര്‌ദേശിക്കണം. എഴുതി നല്‍കുന്നില്ലെങ്കില്‍ ജാമ്യം അനുവദിക്കുന്നതില്‍ പ്രോസിക്യുട്ടര്‍ക്ക് എതിര്‍പ്പില്ലെന്ന് രേഖപ്പെടുത്തണം എന്നും കെ കെ രമ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.




