ന്യൂയോര്‍ക്ക്: ക്ലൗഡ് നെറ്റ്വര്‍ക്കായ ക്ലൗഡ്ഫ്‌ലെയറിലുണ്ടായ സാങ്കേതിക തടസ്സത്തെ തുടര്‍ന്ന് എക്‌സ്, ചാറ്റ് ജിപിടി അടക്കമുള്ള നിരവധി പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആറുമണിയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സൈറ്റുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ വിവിധ സേവനങ്ങള്‍ നല്‍കുന്നത് ക്ലൗഡ്ഫ്‌ലെയറാണ്. വെബ്‌സൈറ്റുകള്‍ക്ക് സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുക വഴി വേഗത്തിലുള്ള പ്രവര്‍ത്തനത്തിനും ക്ലൗഡ്ഫ്‌ലെയര്‍ സഹായിക്കും.
ചാറ്റ് ജിപിടിയില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായി ഓപ്പണ്‍ എഐ വ്യക്തമാക്കി. ക്ലൗഡ്ഫ്‌ലെയറുമായി ബന്ധപ്പെട്ടതാണോ പ്രശ്‌നമെന്ന് കമ്പനി സ്ഥിരീകരിച്ചില്ല. സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. എക്‌സില്‍ പോസ്റ്റുകളിടുന്നതിനും പലര്‍ക്കും തടസ്സം നേരിട്ടു. പ്രവര്‍ത്തനം തടസ്സപ്പെട്ട പ്ലാറ്റ്‌ഫോമുകള്‍: എക്‌സ്, സ്‌പോട്ടിഫൈ, ചാറ്റ് ജിപിടി, പെര്‍പ്ലെക്‌സിറ്റി, ജെമിനി, ലെറ്റര്‍ബോര്‍ഡ്, ബെറ്റ് 365, കാന്‍വ.




