ന്യൂഡല്‍ഹി: ബംഗ്ലദേശ് മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ജീവിക്കാനും നീതിയുക്തമായ വിചാരണ നേരിടാനുമുള്ള അവകാശം സംരക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ സമീപിക്കുമെന്ന് ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് ജൂറിസ്റ്റ്‌സ് (ഐസിജെ). ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലദേശിലെ ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചതിനു പിന്നാലെയാണ് നീക്കം.
വ്യാപകമായി പിഴവുകളുള്ളതും രാജ്യാന്തര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലാത്തതുമായ വിചാരണയാണ് ഷെയ്ഖ് ഹസീന നേരിട്ടതെന്ന് ഐസിജെ പ്രസിഡന്റ് ആദിഷ് സി. അഗര്‍വാല പറഞ്ഞു. നീതി, സുതാര്യത, രാഷ്ട്രീയ നിഷ്പക്ഷത എന്നിവ ആവശ്യമാണ്. ഷെയ്ഖ് ഹസീനയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനു മുമ്പാകെ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് ഐസിജെ വ്യക്തമാക്കി. കൈമാറ്റത്തെ ചോദ്യം ചെയ്യാന്‍ ഷെയ്ഖ് ഹസീനയ്ക്ക് ശക്തമായ നിയമ അടിത്തറയുണ്ടെന്നും ഐസിജെ പറഞ്ഞു.
‘ഷെയ്ഖ് ഹസീനയ്ക്ക് മതിയായ നിയമപ്രാതിനിധ്യം നിഷേധിച്ചു. സ്വയം പ്രതിരോധിക്കാന്‍ അര്‍ഥവത്തായ അവസരം ലഭിച്ചില്ല. തിടുക്കവും രഹസ്യസ്വഭാവമുള്ളതും ഗുരുതരമായ ക്രമക്കേടുകളും നിറഞ്ഞ ഒരു പ്രക്രിയയ്ക്ക് അവരെ വിധേയമാക്കി. നീതിയുക്തമല്ലാത്ത വിചാരണയോ പീഡനമോ, കടുത്ത ഉപദ്രവമോ, അല്ലെങ്കില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വിധിച്ച വധശിക്ഷയോ നേരിടേണ്ടി വരുന്ന രാജ്യത്തേക്ക് പ്രതികളെ കൈമാറുന്നതിനെ രാജ്യാന്തര നിയമം വലക്കുന്നു’ ആദിഷ് സി. അഗര്‍വാല പറഞ്ഞു.
‘അടിസ്ഥാനപരമായി പിഴവുകളുള്ള ഒരു പ്രക്രിയ വധശിക്ഷയില്‍ കലാശിക്കുമ്പോള്‍, കൈമാറ്റം ചെയ്യപ്പെട്ടാല്‍ പ്രതി തിരുത്താനാവാത്ത അനീതിക്ക് വിധേയയാകും. അത്തരം ഒരു നടപടി ഇന്ത്യന്‍ നിയമവ്യവസ്ഥയെയും രാജ്യാന്തര കൈമാറ്റ നിയമങ്ങളെയും ലംഘിക്കുന്നതാണ്. നിയമവാഴ്ചയോടും മനുഷ്യാവകാശങ്ങളോടും പ്രതിബദ്ധതയുള്ള ഒരു രാജ്യമെന്ന നിലയില്‍, നിലവിലെ സാഹചര്യങ്ങളില്‍ ഷെയ്ഖ് ഹസീനയെ നിയമപരമായോ ധാര്‍മകമായോ ബംഗ്ലദേശിന് കൈമാറാന്‍ ഇന്ത്യയ്ക്ക് കഴിയില്ല.’ ആദിഷ് സി. അഗര്‍വാല പറഞ്ഞു.
ബംഗ്ലദേശിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാന്‍ അദ്ദേഹം രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. കോടതികള്‍ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണങ്ങളായി മാറരുതെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, നിയമപരമായ നടപടിക്രമങ്ങള്‍, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം, ഭരണഘടനാപരമായ സംരക്ഷണം എന്നിവ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു.




