കൊച്ചി: വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ 165 സിസി ടിവികളില്‍ പ്രവര്‍ത്തനക്ഷമമായത് ഒരെണ്ണം മാത്രം. എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജയില്‍ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എന്‍ഐഎ കേസിലെ പ്രതികള്‍ക്ക് മര്‍ദനമേറ്റെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവുണ്ടായിരുന്നെങ്കിലും ജയില്‍ അധികൃതര്‍ക്ക് ഇതിനു സാധിച്ചിരുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തതിനാല്‍ ഹാജരാക്കാന്‍ സാധിച്ചില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ച കോടതി ഈ മാസം 24ന് കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അന്നേ ദിവസം പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി.
എന്‍ഐഎ എടുത്തിട്ടുള്ള മാവോയിസ്റ്റ് കേസില്‍ പ്രതിയായ തൃശൂര്‍ സ്വദേശി പി.എം.മനോജിനെ വിയ്യൂര്‍ ജയിലില്‍ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചെന്നാണ് പരാതി. ഇതിനു പിന്നാലെ മനോജിനെ വിയ്യൂരില്‍ നിന്നും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തന്നെ മര്‍ദിച്ചതിലും നിയമവിരുദ്ധമായി ജയില്‍ മാറ്റിയതിലും പ്രതിഷേധിച്ച് മനോജ് നിരാഹാര സമരം ആരംഭിച്ചു. പിന്നാലെ മനോജിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു.
വിഷയം എന്‍ഐഎ കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍
ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും മര്‍ദനമേറ്റ തടവുകാരനെ നേരിട്ടു ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതീവ സുരക്ഷാ ജയിലിലായ വിയ്യൂരില്‍ ഭൂരിഭാഗം സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 2019ല്‍ 165 സിസി ടിവി ക്യാമറകള്‍ വിയ്യൂരില്‍ സ്ഥാപിച്ചിരുന്നു.
അഞ്ചു വര്‍ഷമായിരുന്നു ഇവയുടെ വാറന്റി കാലാവധി. പിന്നാലെ ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമമായി. തുടര്‍ന്ന് ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്. ഇതിനു പുറമെ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 176 സിസി ടിവി ക്യാമറകള്‍ കൂടി സ്ഥാപിക്കാനുള്ള കാര്യങ്ങളും നടന്നു വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തടവുകാര്‍ക്ക് മര്‍ദനമേറ്റെന്ന പരാതിയില്‍ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ തൃശൂര്‍ പൊതുമരാമത്ത് ഇലക്ട്രോണിക് വിഭാഗം അസി. എഞ്ചിനീയര്‍ ജയിലില്‍ നേരിട്ടെത്തി പരിശോധിച്ചപ്പോഴാണ് നാലാം നമ്പര്‍ സെല്ലില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുന്നത്.
ഈ സിസി ടിവി ക്യാമറയില്‍ കോടതി നിര്‍ദേശിച്ച ദൃശ്യങ്ങള്‍ ഇല്ല എന്നതിനാല്‍ അത് ഹാജരാക്കാന്‍ സാധിക്കില്ല എന്നുമാണ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സിസി ടിവി ക്യാമറകള്‍ സംബന്ധിച്ച് സൂപ്രണ്ടിന്റെയും പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെയും റിപ്പോര്‍ട്ടുകളില്‍ ചില പൊരുത്തക്കേടുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല, വിയ്യൂര്‍ ജയിലില്‍ നിന്ന് മനോജിനെ പൂജപ്പുരയിലേക്ക് മാറ്റിയതിന്റെ വിശദീകരണം തൃപ്തികരമല്ല. തുടര്‍ന്നാണ് നേരിട്ടു ഹാജരാകാന്‍ കോടതി സുപ്രണ്ടിനോട് നിര്‍ദേശിച്ചത്.
പ്രതിക്ക് കടുത്ത രീതിയില്‍ പരുക്കുണ്ടെന്നാണ് മെഡിക്കല്‍ രേഖകളില്‍ നിന്ന് മനസിലാകുന്നതെന്ന് കോടതി പറഞ്ഞു. രക്തം കട്ട പിടിച്ചു കിടക്കുന്നത് ഉള്‍പ്പെടെ പരുക്കുണ്ട്. പ്രതി നിരാഹാര സമരത്തിലാണ്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഒരു അഭിഭാഷകനെ നിയോഗിച്ച് പ്രതിയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോതി നിര്‍ദേശിച്ചു. നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.




