മുംബൈ: പ്രായം 43. വിരമിച്ചിട്ട് വര്‍ഷം 13. പക്ഷേ, എല്ലാവരും മറന്നുപോയി. സ്വന്തമായി ഇങ്ങനെയൊരു വിമാനമുണ്ടായിരുന്ന കാര്യം എയര്‍ ഇന്ത്യ ഓര്‍ത്തില്ല. പിന്നീട് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റയും അതറിഞ്ഞില്ല. ആരാരും ഓര്‍ക്കാതെ വിമാനം ഉറങ്ങിക്കിടന്നത് ഒരു ദശാബ്ദക്കാലം. ഒടുവില്‍, വിമാനത്താവള അധികൃതരാണ് ചോദിച്ചത്: ”ഇതൊന്ന് എടുത്ത് മാറ്റാമോ?”.
ആ ചോദ്യമെത്തുംവരെ, ഇങ്ങനൊരു വിമാനം സ്വന്തമായുള്ള കാര്യം എയര്‍ ഇന്ത്യ ശ്രദ്ധിച്ചിരുന്നില്ല. 2022ല്‍ എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന് കൈമാറുമ്പോഴും രേഖകളിലും മറ്റും ഈ വിമാനത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഒടുവില്‍, അടുത്തിടെ വിമാനത്തിന്റെ ഉടമസ്ഥാവകാശം തിരച്ചറിഞ്ഞ എയര്‍ ഇന്ത്യ, അതിനെ വിറ്റഴിച്ചുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
2012 മുതല്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാര്‍ക്കിങ് സ്ഥലത്ത് കിടക്കുകയായിരുന്നു ഈ ബോയിങ് 737-200 വിമാനം. കഴിഞ്ഞദിവസം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംപെല്‍ വില്സന് വിമാനം വിറ്റഴിച്ചകാര്യം വ്യക്തമാക്കി. ഈ വിമാനം എയര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ഈയടുത്ത് മാത്രമാണ് തിരിച്ചറിഞ്ഞതെന്നും കത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
1982ലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഈ വിമാനം സ്വന്തമാക്കുന്നത്. ഇപ്പോള്‍ 43 വയസ്സായി. 1998ല്‍ അലയന്‍സ് എയറിന് പാട്ടത്തിന് കൊടുത്തു. 2007ല്‍ തിരിച്ചുകിട്ടിയതുമുതല് ചരക്കുസര്വീസിന് പ്രയോജനപ്പെടുത്തി. പിന്നീട് ഇന്ത്യന്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചു. 2022 ജനുവരിയില്‍ എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കി. ജന്മം നല്കിയ ടാറ്റാ തറവാട്ടിലേക്ക് എയര്‍ ഇന്ത്യയുടെ മടക്കം.
2012ല്‍ വിമാനം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഡികമ്മിഷന്‍ ചെയ്തശേഷം ഇതു കുറച്ചുകാലം ഇന്ത്യ പോസ്റ്റ് ഉപയോഗിച്ചിരുന്നു. സജീവമായിരുന്ന കാലത്ത് വിടി-ഇഎച്ച്എച്ച് എന്നതായിരുന്നു ഈ കുട്ടിവിമാനത്തിന്റെ റജിസ്ട്രേഷന് കോഡ്. 100 അടി രണ്ടിഞ്ച് അഥവാ 30 മീറ്ററോളം മാത്രമായിരുന്നു വിമാനത്തിന്റെ നീളം.




