ന്യൂഡല്‍ഹി: വീര്യമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ ഓര്‍മയില്‍ സ്വദേശമായ ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമാംശ് സ്യാല്‍ വിടപറയുമ്പോഴും ധീരനായ മകനെയോര്‍ത്ത് അഭിമാനിക്കുകയാണ് അവര്‍. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാല്‍, അവസാന നിമിഷം വരെയും തന്റെ കര്‍ത്തവ്യങ്ങള്‍ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്ന് പ്രിയപ്പെട്ടവര്‍ അനുസ്മരിച്ചു. ദുബായ് എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണാണ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ വീരമൃത്യു വരിച്ചത്.
ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് നിയമനം. ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ അഫ്സാനും അഞ്ച് വയസ്സുള്ള മകള്‍ക്കുമൊപ്പമാണ് നമാംശ് ഹൈദരാബാദില്‍ താമസിച്ചിരുന്നത്. പിതാവ് ജഗന് നാഥ് റിട്ട. ആര്‍മി ഓഫിസറും ഹിമാചല്‍ പ്രദേശിലെ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പലുമായിരുന്നു. മാതാവ് ബിനാ ദേവി. ധീരനായ പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു പറഞ്ഞു. വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ ധീരതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് എയര്‍ ഷോ നടക്കുന്ന അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് (ദുബായ് വേള്‍ഡ് സെന്റര്‍) ഒന്നര കിലോമീറ്ററകലെ യുഎഇ സമയം ഉച്ചയ്ക്കു 2.15ന് (ഇന്ത്യന്‍ സമയം വൈകിട്ട് 3.45) ആയിരുന്നു അപകടം. എയര്‍ ഷോയില്‍ കാണികള്‍ക്കു മുന്നില്‍ ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം. വ്യോമാഭ്യാസത്തിനിടെ രണ്ടുതവണ കുത്തനെ മുകളിലേക്കുയര്‍ന്നു കരണംമറിഞ്ഞശേഷം മൂന്നാമതും ഇതാവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്കു പതിച്ച് ഉഗ്രശബ്ദത്തോടെ തേജസ് പൊട്ടിത്തെറിക്കുകയായിരുന്നു. മലയാളികളടക്കം ആയിരക്കണക്കിനു പേര് ഷോ കാണാനെത്തിയിരുന്നു.




