ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളില്‍ നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
ഹരിയാന സ്വദേശിയായ സൂര്യകാന്ത് 1984ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്നാണ് നിയമബിരുദം നേടിയത്. ഹിസാറിലെ ജില്ലാ കോടതിയില്‍ പ്രാക്ടിസ് ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലേക്കു മാറി. സര്‍വീസ് സംബന്ധിയായ കേസുകളിലൂടെ പേരെടുത്തു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലാകുമ്പോള്‍ പ്രായം 38 വയസ്സായിരുന്നു. തൊട്ടടുത്ത വര്‍ഷം സീനിയര്‍ അഭിഭാഷക പദവി ലഭിച്ചു. 2004ല്‍ 42ാം വയസ്സില്‍, ഹൈക്കോടതി ജഡ്ജിയായി.
പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ 14 വര്‍ഷത്തിനു ശേഷം, 2018ല്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. 2019ല്‍ സുപ്രീം കോടതിയിലെത്തി.ഹരിയാനയില്‍നിന്നുള്ള ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. കോളജ് പ്രിന്‍സിപ്പലായി വിരമിച്ച സവിതയാണ് ഭാര്യ. മുഗ്ധയും കനുപ്രിയയും മക്കള്‍.




