ബഹ്‌റൈച്ച്: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് അതിര്‍ത്തി പ്രദേശത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ചൈനീസ് പൗരനെ സശസ്ത്ര സീമാ ബല്‍ (എസ്.എസ്.ബി.) അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച് ജില്ലയില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ റുപൈഡിഹ ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നാണ് 49 കാരനെ എസ്.എസ്.ബി. പിടികൂടിയത്. ഇയാള്‍ പാകിസ്താനിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാളില്‍ നിന്ന് പാകിസ്താന്‍, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ കറന്‍സികള്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ചൈനയിലെ ഹുനാന്‍ പ്രവിശ്യാ സ്വദേശിയായ ലിയു ക്വുന്‍ജിങാണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായ രേഖകള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഇയാളില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. അവയിലൊന്നില്‍ ഇന്ത്യയിലെ തന്ത്രപ്രധാനമായ നിരവധി സ്ഥലങ്ങളുടെ വീഡിയോകള്‍ അടങ്ങിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളില്‍ നിന്ന് നേപ്പാളിന്റെ ഒരു ഭൂപടം കണ്ടെത്തി. ഭൂപടത്തിലെല്ലാം ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്, എന്നാല്‍ തനിക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്ന് ആംഗ്യഭാഷയില്‍ ഇയാള്‍ അധികൃതരെ അറിയിച്ചു. എസ്എസ്ബിയും പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് ക്വുന്‍ജിങുമായി സംസാരിച്ചത്. പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിന് ഇയാള്‍ക്ക് വിസയുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായി.
ഇയാളെ പോലീസിന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. നവംബര്‍ 15-ന് ചൈനയില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ നേപ്പാളിലേക്ക് പ്രവേശിച്ച ഇയാള്‍ നവംബര്‍ 22-ന് നേപ്പാളിലെ നേപ്പാള്‍ഗഞ്ചില്‍ എത്തിയ ശേഷം, നവംബര്‍ 24-ന് റുപൈഡിഹ അതിര്‍ത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. പാക് യാത്ര, അനധികൃതമായി രേഖകളില്ലാതെ ഇന്ത്യയിലെത്തിയത്, തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്, കണ്ടെടുത്ത ഭൂപടം ഇംഗ്ലീഷിലായിരുന്നിട്ടും ചോദ്യം ചെയ്യലില്‍ ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞത് തുടങ്ങിയവയെല്ലാം സംശയത്തോടെയാണ് ഉദ്യോഗസ്ഥര്‍ നോക്കികാണുന്നത്.




