വാഷിങ്ടന്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിയേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം സാറാ ബെക്ക്‌സ്‌ട്രോം (20) ചികിത്സയിലിരിക്കെ മരിച്ചു. മറ്റൊരു നാഷനല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് (24) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണെന്ന് യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
സൈനികര്‍ക്കു നേരെ വെടിവച്ച റഹ്‌മാനുല്ല ലഖന്‍വാള്‍ (29) അഫ്ഗാന്‍ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ സ്ഥിരീകരിച്ചു. റഹ്‌മാനുല്ലയുടെ യുഎസ് സൈനിക ബന്ധം സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫാണ് സ്ഥിരീകരിച്ചത്. റഹ്‌മാനുല്ല യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ പോരാട്ടത്തില്‍ യുഎസ് സൈന്യത്തെ സഹായിച്ച സ്വദേശികള്‍ക്കു ബൈഡന്‍ ഭരണകൂടം നന്ദിസൂചകമായി കുടിയേറ്റ അവസരം നല്‍കിയിരുന്നു. ഈ പദ്ധതിയിലൂടെ 2021 ലാണ് റഹ്‌മാനുല്ല ലഖന്‍വാള്‍ യുഎസിലെത്തിയത്.
” താലിബാന്റെ ശക്തികേന്ദ്രമായ തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യുണിറ്റ് ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ നിരവധി യുഎസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായാണ് റഹ്‌മാനുല്ല പ്രവര്‍ത്തിച്ചത്. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു റഹ്‌മാനുല്ലക്ക് ഏജന്‍സിയുമായുള്ള ബന്ധം. സംഘര്‍ഷഭരിതമായ ഒഴിപ്പിക്കലിനു തൊട്ടുപിന്നാലെ ഇത് അവസാനിക്കുകയും ചെയ്തു.” ജോണ്‍ റാറ്റ്ക്ലിഫ് പറഞ്ഞു. വെടിവയ്പിനു പിന്നാലെ മറ്റു സൈനികര്‍ കീഴടക്കിയ റഹ്‌മാനുല്ല പരുക്കുകളോടെ കസ്റ്റഡിയിലാണ്. ആക്രമണത്തെപ്പറ്റി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു.




