Thursday, April 9, 2026
Google search engine
HomeNewsKerala Newsഅമ്മ ലില്ലി തരൂരിന്റെ നവതി ആഘോഷം; തിരക്കുകള്‍ മാറ്റിവെച്ച് കുടുംബത്തോടൊപ്പം ഒരുദിവസം പങ്കുവെച്ച് ശശി തരൂര്‍

അമ്മ ലില്ലി തരൂരിന്റെ നവതി ആഘോഷം; തിരക്കുകള്‍ മാറ്റിവെച്ച് കുടുംബത്തോടൊപ്പം ഒരുദിവസം പങ്കുവെച്ച് ശശി തരൂര്‍

കൊല്ലങ്കോട്: അമ്മ ലില്ലി തരൂരിന്റെ നവതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ തിരക്കുകള്‍ മാറ്റിവെച്ച് മധുരവുമായി ഡോ. ശശി തരൂര്‍ എംപി എലവഞ്ചേരിയിലെ മുണ്ടാരത്ത് തറവാട്ടിലെത്തി. മംഗളദീപത്തിന്റെയും സംഗീതവിരുന്നിന്റെയുമെല്ലാം അകമ്പടിയോടെ നടന്ന പിറന്നാളാഘോഷം കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒത്തുചേരാനുള്ള അവസരമായി.

വ്യാഴാഴ്ച വൈകീട്ടുതന്നെ തറവാട്ടിലെത്തിയ ശശി തരൂര്‍ വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ക്കൊപ്പം കുടുംബക്ഷേത്രമായ പെരുങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലും എലവഞ്ചേരി ദേശമന്ദത്തും ദര്‍ശനവും വഴിപാടുകളും നടത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം അമ്മയ്ക്ക് പിറന്നാള്‍ മധുരം നല്‍കിയ ശശി തരൂര്‍ അമ്മയ്ക്കൊപ്പമിരുന്ന് പിറന്നാള്‍ സദ്യയുണ്ടു.

ഉച്ചയ്ക്കുശേഷം വീട്ടുമുറ്റത്തൊരുക്കിയ പ്രത്യേക വേദിയില്‍ പാലക്കാട്ടെ ‘ബീറ്റ് ആന്‍ഡ് ട്യുണ്‍സ്’ മ്യൂസിക് ട്രൂപ്പിന്റെ സംഗീതവിരുന്നും ഉണ്ടായി. വിവിധ ഭാഷകളിലായി ലില്ലി തരൂരിന് ഏറെ ഇഷ്ടമുള്ള പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതവിരുന്നിലും ശശി തരൂര്‍ പങ്കെടുത്തു.

ശശി തരൂരിന്റെ സഹോദരിമാരായ ശോഭ തരൂര്‍, സ്മിത തരൂര്‍ എന്നിവരും ലണ്ടനില്‍നിന്ന് എത്തിയിരുന്നു. ലില്ലി തരൂരിന്റെ സഹോദരങ്ങളായ ഗോവിന്ദനുണ്ണി, നാരായണനുണ്ണി, ഗോപനുണ്ണി, മുകുന്ദനുണ്ണി, ഭാനുമതി, രേണുക, ശോഭന എന്നിവരും ആശംസകളുമായെത്തി. വൈകീട്ടോടെ ശശി തരൂര്‍ കൊച്ചിയിലേക്ക് പോയി. സഹോദരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഒരുദിനം പൂര്‍ണമായും ചെലവഴിച്ച സന്തോഷത്തില്‍ മടങ്ങുമ്പോഴും ഈ കുടുംബസംഗമം കാണാന്‍ മുത്തശ്ശി ജയശംഖിനി അമ്മ ഇല്ലാതെ പോയതിന്റെ വിഷമം ശശി തരൂര്‍ പങ്കുവെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments