മൂന്നാര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയും സംഘവും ഒറ്റക്കൊമ്പന് എന്ന കാട്ടാനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത് അദ്ഭുതകരമായി. സ്ഥാനാര്‍ഥിയും മറ്റ് 4 പേരും കയറിയ ജീപ്പിനെ ഒറ്റക്കൊമ്പന് പിന്നോട്ട് ഓടിച്ചത് അര കിലോമീറ്റര്‍.
മൂന്നാര്‍ ഡിവിഷനില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.നെല്‍സണും സംഘവുമാണു വ്യാഴാഴ്ച രാത്രി 9.30നു നല്ലതണ്ണി കല്ലാറില്‍ കാട്ടാനയുടെ മുന്നില്‍ പെട്ടത്. പുതുക്കാട്, ഫാക്ടറി ഡിവിഷനുകളിലെ പ്രചാരണത്തിനുശേഷം എസ്റ്റേറ്റ് റോഡു വഴി മൂന്നാറിലേക്കു വരുന്നതിനിടയിലാണു സംഭവം. 2 ദിവസമായി കല്ലാറിലെ മാലിന്യപ്ലാന്റിലെ സംരക്ഷണ ഭിത്തികള്‍ തകര്‍ത്ത് ആക്രമണകാരിയായി കഴിയുന്ന ഒറ്റക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്ന ഡ്രൈവര്‍ ജോണ്‍ ഏബ്രഹാം ആനയെ കണ്ടതോടെ ഇടുങ്ങിയ വഴിയിലൂടെ ജീപ്പ് പിന്നോട്ട് ഓടിച്ചു.
ഇതോടെ ചിന്നംവിളിച്ച് ജീപ്പിനുനേരെ ആനയും ഓടാന്‍ തുടങ്ങി. അര കിലോമീറ്റര്‍ ഓടിച്ചശേഷം മഞ്ഞും ഇരുട്ടും കാരണം പിന്നോട്ടു പോകാന്‍ കഴിയാതെ ജീപ്പ് നിര്‍ത്തി. ഇതോടെ ആന വാഹനത്തിന് ചുറ്റും തുമ്പി കൊണ്ട് മണം പിടിച്ച് നടന്ന ശേഷം സമീപത്തെ തേയില തോട്ടത്തിലേക്കു നടന്നു. ആന മാറിയശേഷമാണ് സംഘം യാത്ര തുടര്‍ന്നത്.




