ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കീ ബാത്തില്‍ മാഹിയെക്കുറിച്ചും ആലപ്പുഴയിലെ മാന്നാറിനെക്കുറിച്ചും പരാമര്‍ശം. ‘ഐഎന്‍എസ് മാഹി’ നാവികസേനയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് പറയുമ്പോഴാണ് അതിന്റെ പേരിനെക്കുറിച്ച് മോദി പ്രതിപാദിച്ചത്. സമ്പന്നമായ ചരിത്രപൈതൃകമുള്ള മാഹി എന്ന സ്ഥലത്തിന്റെ പേരാണ് കപ്പലിനിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ മാന്നാറില്‍ നിന്നുള്ള പിച്ചള ഉരുളിയാണ് താന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതെന്നും മോദി പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഐഎന്‍എസ് മാഹി നാവികസേനയില്‍ ഉള്‍പ്പെടുത്തിയത്. പുതുച്ചേരിയിലെയും മലബാര്‍ മേഖലയിലെയും ജനങ്ങള്‍ അതിന്റെ പേരില്‍ത്തന്നെ സന്തോഷിച്ചു. ഐഎന്‍എസ് മാഹിയുടെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റില്‍ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് പലരും ചൂണ്ടിക്കാട്ടിയെന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് ഇന്ത്യന്‍ നേവല്‍ മാരിടൈം മ്യൂസിയം സ്ഥിതിചെയ്യുന്നതെന്നും മോദി പറഞ്ഞു.




