Friday, April 10, 2026
Google search engine
HomeSportകോലി-രോഹിത് ഫോം വീണ്ടെടുപ്പ്; കൊണ്ടത് ഗംഭീറിനും അഗാര്‍ക്കര്‍ക്കും? അസ്വാരസ്യം പരിഹരിക്കാന്‍ റായ്പുരില്‍ ചര്‍ച്ച

കോലി-രോഹിത് ഫോം വീണ്ടെടുപ്പ്; കൊണ്ടത് ഗംഭീറിനും അഗാര്‍ക്കര്‍ക്കും? അസ്വാരസ്യം പരിഹരിക്കാന്‍ റായ്പുരില്‍ ചര്‍ച്ച

മുംബൈ: ടീമിലെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി ഭിന്നതയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണായക ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനമത്സരം നടക്കുന്ന റായ്പുരില്‍ അതേദിവസം രാവിലെ പരിശീലകന്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും ബിസിസിഐ പ്രതിനിധികളും ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വി, രോഹിത്, കോലി എന്നിവരുടെ ഏകദിന ടീമിലെ ഭാവി അടക്കമുള്ള കാര്യങ്ങളും മുതിര്‍ന്ന താരങ്ങളുമായി ഗംഭീറിന്റെ ബന്ധവും ചര്‍ച്ചയില്‍ വരുമെന്നാണ് സൂചന. രോഹിത്, കോലി എന്നിവരുമായുള്ള ഗംഭീറിന്റെ ബന്ധം അത്ര സുഖകരമല്ലെന്നാണ് സൂചന. ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിനുശേഷം ഡ്രസ്സിങ് മുറിയിലേക്ക് മടങ്ങുന്ന കോലി ഗംഭീറിനെ ശ്രദ്ധിക്കാതെപോകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡ്രസ്സിങ് മുറിയില്‍ രോഹിതും ഗംഭീറും തമ്മില്‍ തര്‍ക്കമുണ്ടായതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

ടെസ്റ്റ് പരമ്പരയ്ക്കുശേഷം ഗംഭീറിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വരുന്ന കടുത്ത വിമര്‍ശനങ്ങളിലും ബിസിസിഐക്ക് അതൃപ്തിയുണ്ട്.

അടുത്ത ഏകദിന ലോകകപ്പില്‍ കോലിക്കും രോഹിതിനും ഇടംനല്‍കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്. ഇരുവരും മികച്ചഫോമില്‍ കളിക്കുന്ന സാഹചര്യത്തില്‍ ഒഴിവാക്കല്‍ എളുപ്പമല്ല. താരങ്ങളോട് ആഭ്യന്തരക്രിക്കറ്റില്‍ കളിക്കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. രോഹിതും കോലിയും ഇതിന് തയ്യാറാണെന്ന് അറിയിച്ചിട്ടുമുണ്ട്. വിജയ് ഹസാരെ ട്രോഫിയിലാകും കളിക്കുന്നത്.

കോലിയും രോഹിതും ടെസ്റ്റില്‍നിന്ന് വിരമിക്കുന്നതിനുപിന്നില്‍ ഗംഭീറാണെന്ന ആരോപണം ക്രിക്കറ്റ് ലോകത്തുണ്ട്. മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളുമായി മുന്നോട്ടുപോകാനാണ് ഗംഭീറിന്റെ പദ്ധതി.

അഗാര്‍ക്കറും ഇതേരീതിയിലാണ് ചിന്തിക്കുന്നത്. എന്നാല്‍, ടെസ്റ്റിലെ സമ്പൂര്‍ണ തോല്‍വി ഇരുവര്‍ക്കും തിരിച്ചടിയായി. കടുത്ത നടപടിയിലേക്ക് ബിസിസിഐ കടന്നില്ലെങ്കിലും ഇനിയുള്ള പരമ്പരകള്‍ നിര്‍ണായകമാണ്.

പരമ്പരയിലെ ആദ്യമത്സരത്തില്‍ കോലി സെഞ്ചുറി നേടിയിരുന്നു. കരിയറില്‍ 52 ഏകദിന സെഞ്ചുറികളായി. ഇതോടെ, ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റില്‍മാത്രം കൂടുതല്‍ സെഞ്ചുറി നേടിയ താരമായി. ടെസ്റ്റില്‍ 51 സെഞ്ചുറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് കോലി മറികടന്നത്. രോഹിത് ശര്‍മ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments