റായ്പുര്‍: ടീമിലെ അസ്വാരസ്യങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരം ജയിച്ച് പരമ്പരയില്‍ 10ന് മുന്നില്‍ നില്‍ക്കുന്ന ആതിഥേയര്‍ക്ക്, ഇന്നു ജയിച്ചാല്‍ 3 മത്സര പരമ്പര സ്വന്തമാക്കാം. മറുവശത്ത് ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ മത്സരത്തിലേറ്റ തോല്‍വി നല്‍കിയ ഞെട്ടല്‍ മാറിയിട്ടില്ല. പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ ടെംബ ബവൂമയ്ക്കും സംഘത്തിനും ഇന്നു ജയിച്ചേ മതിയാകൂ. റായ്പുര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ആദ്യ ഏകദിനത്തിലെ ജയത്തിനു പിന്നാലെ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരും പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ തര്‍ക്കമുണ്ടായെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ബിസിസിഐ ചര്‍ച്ച സംഘടിപ്പിക്കുമെന്നും വാര്‍ത്ത വന്നു. ഈ സാഹചര്യത്തില്‍ ടീമിനകത്തെ പിണക്കങ്ങള്‍ പരിഹരിക്കുകയാണ് രണ്ടാം ഏകദിനത്തിനു മുന്‍പ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി.
ആദ്യ ഏകദിനത്തില്‍ സെഞ്ചറിയുമായി കളംനിറഞ്ഞ കോലിയും അര്‍ധ സെഞ്ചറിയുമായി തുടക്കം ഗംഭീരമാക്കിയ രോഹിത്തും തന്നെയാണ് രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ പ്രതീക്ഷാ വാഹകര്‍. ടീം ഇന്ത്യ കളിച്ച അവസാന 6 ഏകദിന മത്സരങ്ങളില്‍ അ?ഞ്ചിലും പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം പങ്കുവച്ചത് രോകോ സഖ്യമായിരുന്നു. ഇരുവരുടെയും ഫോം തന്നെയാകും രണ്ടാം ഏകദിനത്തിന്റെയും ഫലം നിര്‍ണയിക്കുക.
ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ ആരു വേണമെന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്റ്. കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറില്‍ എത്തിയ ഋതുരാജ് ഗെയ്ക്വാദിന് 14 പന്തില്‍ 8 റണ്‍സ് മാത്രമാണ് നേടാനായത്. ഈ സാഹചര്യത്തില്‍ ഋതുരാജിന് ഒരു അവസരം കൂടി നല്‍കണോ എന്ന സംശയം ടീമിലുണ്ട്. ഋതുരാജിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ തിലക് വര്‍മയ്‌ക്കോ ഋഷഭ് പന്തിനോ നാലാം നമ്പറില്‍ നറുക്കുവീഴും.
ആദ്യ ഏകദിനത്തില്‍ സ്പിന്‍ ബോളിങ് ഓള്‍റൗണ്ടറായ വാഷിങ്ടന്‍ സുന്ദര്‍ നിറംമങ്ങിയതോടെ ഇന്ന് പേസ് ബോളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് അവസരം ലഭിച്ചേക്കും. ആദ്യ ഏകദിനത്തില്‍ 3 ഓവര്‍ മാത്രം പന്തെറിഞ്ഞ വാഷിങ്ടന് വിക്കറ്റൊന്നും നേടാനായില്ല. ബാറ്റിങ്ങില്‍ അഞ്ചാം നമ്പറില്‍ എത്തിയ താരം ആകെ നേടിയത് 13 റണ്‍സ്. ഇതോടെയാണ് വാഷിങ്ടന് പകരം നിതീഷിനെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.
ആദ്യ ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹര്‍ഷിത് റാണയും കുല്‍ദീപ് യാദവും തന്നെയാണ് രണ്ടാം മത്സരത്തിലും ഇന്ത്യയുടെ പ്രധാന ആയുധങ്ങള്‍. പവര്‍പ്ലേയില്‍ വിക്കറ്റ് എടുക്കാനുള്ള ഹര്‍ഷിതിന്റെ മിടുക്കും മധ്യ ഓവറുകളില്‍ പിടിമുറുക്കാനുള്ള കുല്‍ദീപിന്റെ കഴിവുമാണ് ആദ്യ ഏകദിനത്തില്‍ നിര്‍ണായകമായത്. ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനവും ടീമിന് ആത്മവിശ്വാസം നല്‍കുന്നു.
അസുഖം മൂലം ആദ്യ മത്സരത്തില്‍ നിന്നു വിട്ടുനിന്ന ടെംബ ബവൂമ ഇന്ന് ഇലവനില്‍ തിരിച്ചെത്തിയേക്കും. ബവൂമയുടെ തിരിച്ചുവരവോടെ ബാറ്റിങ് ഓര്‍ഡറില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ക്ക് ദക്ഷിണാഫ്രിക്ക തയാറായേക്കും. ഓള്‍റൗണ്ടര്‍മാരായ മാര്‍ക്കോ യാന്‍സനും കോര്‍ബിന്‍ ബോഷും ബാറ്റിങ്ങില്‍ മികവു പുലര്‍ത്തുമ്പോഴും ബോളിങ്ങില്‍ താളം കണ്ടെത്താത്തത് ടീമിനെ അലട്ടുന്നുണ്ട്. ആദ്യ മത്സരത്തില്‍ നിറംമങ്ങിയ സ്പിന്നര്‍ പ്രനെലന്‍ സുബ്രായനു പകരം കേശവ് മഹാരാജ് ടീമില്‍ എത്തിയേക്കും.
ഇതുവരെ ഒരു രാജ്യാന്തര ഏകദിന മത്സരം മാത്രമേ റായ്പുര്‍ സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളൂ. 2023ല്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിനെ 108 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടിരുന്നു. പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കുന്ന പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാകുമെന്നാണ് കണക്കുകൂട്ടല്‍.




