ആലപ്പുഴ: അഭിഭാഷകനായ യുവാവിന്റെ വെട്ടേറ്റു പിതാവ് കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ജംക്ഷനില്‍ പീടികച്ചിറയില്‍ നടരാജന്‍ (63) കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ സാമ്പത്തിക ലക്ഷ്യവുമെന്നു സൂചന. ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അക്രമത്തിനു പിന്നിലെന്നാണു കരുതിയതെങ്കിലും ആസൂത്രിത കൊലപാതകമെന്ന തരത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
നടരാജന്റെ മുറിയിലെ അലമാരയില്‍ ഏതാണ്ട് 7 ലക്ഷം രൂപയും 50 പവനോളം സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. അതു കൈക്കലാക്കാന്‍ നവജിത് നടത്തിയ ശ്രമമാണു കൊലപാതകത്തില്‍ എത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്. അലമാര തുറക്കാനുള്ള ശ്രമം നടന്നതായി സൂചനയുണ്ട്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മാതാവ് സിന്ധു അപകടനില തരണം ചെയ്തിട്ടില്ല. മൂന്നു ശസ്ത്രക്രിയകള്‍ കഴിഞ്ഞെങ്കിലും അബോധാവസ്ഥയില്‍ തിരുവല്ലയിലെ ആശുപത്രിയിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കണ്ടല്ലൂരിലെ വീട്ടില്‍ ദമ്പതികള്‍ മകന്റെ ആക്രമണത്തിനിരയായത്. നവജിത്തിനെ തെളിവെടുപ്പിനു വേണ്ടി വെള്ളിയാഴ്ച കനകക്കുന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അതിനായി ഇന്നു ഹരിപ്പാട് കോടതിയില്‍ അപേക്ഷ നല്‍കും. നടരാജന്റെ സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.




