Thursday, April 9, 2026
Google search engine
HomeNewsNational Newsഅപ്രതീക്ഷിതമായി ഇന്‍ഡിഗോ വിമാനം റദ്ദാക്കി; സ്വന്തം വിവാഹസല്‍ക്കാരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് നവദമ്പതിമാര്‍

അപ്രതീക്ഷിതമായി ഇന്‍ഡിഗോ വിമാനം റദ്ദാക്കി; സ്വന്തം വിവാഹസല്‍ക്കാരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് നവദമ്പതിമാര്‍

ന്യൂഡല്‍ഹി: ബെംഗളൂരു ഇന്‍ഡിഗോ വിമാനം അപ്രതീക്ഷിതമായി സര്‍വീസ് റദ്ദാക്കിയത് ബെംഗളൂരുവിലെ സോഫ്‌റ്റ്വേര്‍ എന്‍ജിനിയര്‍മാരായ നവദമ്പതിമാരുടെ വിവാഹ സല്‍ക്കാരച്ചടങ്ങിനെ പ്രതിസന്ധിയിലാക്കി. യാത്ര മുടങ്ങിയ ദമ്പതിമാര്‍ ഒടുവില്‍ സല്‍ക്കാരത്തിന് ഓണ്‍ലൈനായി പങ്കെടുത്തു. ഒഡിഷയിലെ ഭുവനേശ്വറിലിരുന്ന് കര്‍ണാടകത്തിലെ ഹുബ്ബള്ളിയിലെ വധൂഗൃഹത്തില്‍നടന്ന സല്‍ക്കാരച്ചടങ്ങില്‍ ഇരുവരും പങ്കെടുത്തു. ചടങ്ങിനെത്തിയ ബന്ധുക്കളെ കണ്ടു. എത്തിച്ചേരാനാകാത്തതിന് ക്ഷമചോദിച്ചു. ആശംസ ഏറ്റുവാങ്ങി.

ഹുബ്ബള്ളി സ്വദേശി മേധാ ക്ഷീരസാഗറും ഭുവനേശ്വര്‍ സ്വദേശി സംഗംദാസും തമ്മിലുള്ള വിവാഹശേഷം ഹുബ്ബള്ളിയില്‍ ഡിസംബര്‍ മൂന്നിന് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റും ഉറപ്പിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ വിമാനം റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. അപ്പോഴേക്കും സല്‍ക്കാരച്ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. ഇതോടെ, തങ്ങള്‍ക്ക് എത്താനായില്ലെങ്കിലും ചടങ്ങ് മുടക്കേണ്ടെന്ന് ഇരുവരും തീരുമാനമെടുത്തു.

ഡിജിസിഎ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്ന ഇന്‍ഡിഗോ കമ്പനിയുടെ നൂറുകണക്കിന് സര്‍വീസുകളാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ റദ്ദാക്കിയത്. മൂന്നുദിവസത്തില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള 550-ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യമെമ്പാടുമുള്ള വിമാനയാത്രക്കാരെ ഇത് രൂക്ഷമായി ബാധിച്ചു.

സ്ഥിതി വഷളായതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാന്‍ നടപ്പാക്കിയ പുതിയ ഡ്യൂട്ടി ചട്ടത്തില്‍ ഇന്‍ഡിഗോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ താത്കാലിക ഇളവ് അനുവദിച്ചു. ചട്ടത്തിലെ ഇളവുകളടക്കം സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെല്ലാം എത്രയുംവേഗം വിമാനസര്‍വീസുകള്‍ സാധാരണനിലയിലാക്കാന്‍ ലക്ഷ്യമിട്ടാണെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.

സര്‍വീസുകള്‍ എത്രയും വേഗം സാധാരണ നിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി കമ്പനി സിഇഒ പീറ്റര്‍ എല്‍ബേഴ്സ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments