Sunday, April 12, 2026
Google search engine
HomeNewsNational News'ട്രംപ് അവന്യൂ, ഗൂഗിള്‍ സ്ട്രീറ്റ്'; ഹൈദരാബാദിലെ റോഡുകളും തെരുവുകളും പേരുമാറി 'ആഗോളമാകുന്നു'

‘ട്രംപ് അവന്യൂ, ഗൂഗിള്‍ സ്ട്രീറ്റ്’; ഹൈദരാബാദിലെ റോഡുകളും തെരുവുകളും പേരുമാറി ‘ആഗോളമാകുന്നു’

തെലങ്കാന: ‘തെലങ്കാന റൈസിംഗ് ഗ്ലോബല്‍ സമ്മിറ്റ്’ എന്ന അന്താരാഷ്ട്ര പരിപാടിക്ക് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. തെരുവുകളുടെ പേരുകളിലൂടെയാണ് തെലങ്കാനയും തലസ്ഥാനമായ ഹൈദരാബാദും ലോകോത്തര ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത്.
ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കാന്‍ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിതി ചെയ്യുന്ന റോഡിനാണ് ട്രംപിന്റെ പേരിടാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍സുലേറ്റ് ജനറല്‍ സ്ഥിതി ചെയ്യുന്ന ഈ പ്രമുഖ റോഡിന് ഡൊണാള്‍ഡ് ട്രംപ് അവന്യൂ എന്ന് പേരിടും.
കൂടാതെ ലോകത്തിലെ പ്രമുഖ ടെക് ഭീമന്മാരുടെ പേരുകളും ഹൈദരാബാദിലെ പ്രധാന റോഡുകള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎസിന് പുറത്ത് ഏറ്റവും വലിയ ക്യാമ്പസ് ഹൈദാരാബാദില്‍ വികസിപ്പിക്കുന്ന ഗൂഗിളിനോടുള്ള ആദരസൂചകമായി ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ പ്രധാനഭാഗത്തിന് ഗൂഗിള്‍ സ്ട്രീറ്റ് എന്ന് പേരിടും.
‘വിപ്രോ ജംഗ്ഷനും’, ‘മൈക്രോസോഫ്റ്റ് റോഡും’ വരുംകാലത്ത് ഹൈദരാബാദിന്റെ പ്രധാന ഭാഗങ്ങളായി മാറും.
ഹൈദരാബാദിന്റെ ടെക് ഹബ് എന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ ലോകമെമ്പാടുമുള്ള ബിസിനസ്സ്, സാങ്കേതികവിദ്യ രംഗത്തെ പ്രതിഭകളെയാണ് സംസ്ഥാനം ആദരിക്കുന്നത്.
നെഹ്‌റു ഔട്ടര്‍ റിംഗ് റോഡിനെ രവിര്യാലയിലെ ഫ്യൂച്ചര്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്ന 100 മീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് റേഡിയല്‍ റോഡ് പത്മഭൂഷണ്‍ രത്തന്‍ ടാറ്റയുടെ പേരിലാണ് അറിയപ്പെടുക. രവിര്യാല ഇന്റര്‍ചേഞ്ച് ഇതിനകം ‘ടാറ്റ ഇന്റര്‍ചേഞ്ച്’ ആക്കി മാറ്റിയിട്ടുണ്ട്.
ആഗോളതലത്തില്‍ സ്വാധീനമുള്ള വ്യക്തികളുടേയും വന്‍കിട കോര്‍പ്പറേഷനുകളുടേയും പേരുകള്‍ റോഡുകള്‍ക്ക് ഇടുന്നത് ഇരട്ട ലക്ഷ്യം നിറവേറ്റുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ആദരവ് നല്‍കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് പ്രചോദനമാവുകയാണ് ഒരു ലക്ഷ്യം. അതോടൊപ്പം തന്നെ ഹൈദരാബാദിനെ ആഗോള അംഗീകാരത്തില്‍ ഉന്നത തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യും.
കോണ്‍ഗ്രസ് സര്‍ക്കാര്‍ പേരുകള്‍ മാറ്റാന്‍ ഇത്രയധികം താത്പര്യപ്പെടുന്നുണ്ടെങ്കില്‍ ചരിത്രവും അര്‍ത്ഥവുമുള്ള പേരുകള്‍ നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’ എന്ന് തിരികെ മാറ്റണമെന്ന് ബിജെപി നേതാവ് സഞ്ജയ് കുമാര്‍ റെഡ്ഡി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments