കാബൂള്‍: പ്രശസ്ത ബ്രിട്ടീഷ് നാടകമായ ‘പീക്കി ബ്ലൈന്‍ഡേഴ്‌സി’ലെ കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്നതിന് അഫ്ഗാനിസ്ഥാനിലെ നാല് യുവാക്കളെ പിടികൂടി തടവിലാക്കി. ഇവരെ പുനരധിവാസ തടങ്കലിലേക്കു മാറ്റി.
തെക്കന്‍ ഹെറാത്ത് പ്രവിശ്യയില്‍ ട്രഞ്ച് കോട്ടുകളും ഫ്ളാറ്റ് കാപ്പുകളും ധരിച്ച് തെരുവുകളിലൂടെ ചുറ്റിനടന്ന ഇവരെ ‘വിദേശ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന’ കുറ്റത്തിനു തടവിലാക്കിയതായി താലിബാന്‍ സര്‍ക്കാരിന്റെ ദുരാചാര നിവാരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാശ്ചാത്യ ചലച്ചിത്ര കഥാപാത്രങ്ങളെ അനുകരിച്ചതിന് പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ‘പുനരധിവാസ പരിപാടിയില്‍’ പ്രവേശിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്; ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മതവും സംസ്‌കാരവും മൂല്യങ്ങളുമുണ്ട്. നിരവധി ത്യാഗങ്ങളിലൂടെ, ഞങ്ങള്‍ ഈ രാജ്യത്തെ ഹാനികരമായ സംസ്‌കാരങ്ങളില്‍നിന്ന് സംരക്ഷിച്ചു, ഇപ്പോള്‍ ഞങ്ങള്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.’ മന്ത്രാലയത്തിന്റെ വക്താവ് സെയ്ഫുര്‍ റഹ്‌മാന്‍ ഖൈബര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു,
നാല് പേരെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ല. മറിച്ച് വിളിച്ചുവരുത്തുകയും ഉപദേശിക്കുകയും മോചിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങളുണ്ട്, പ്രത്യേകിച്ചും വസ്ത്രധാരണത്തിന് ഞങ്ങള്‍ക്ക് പ്രത്യേക പരമ്പരാഗത ശൈലികളുണ്ട്.’ ഖൈബര്‍ പറഞ്ഞു.
‘അവര്‍ ധരിച്ച വസ്ത്രങ്ങള്‍ക്ക് അഫ്ഗാന്‍ സ്വത്വമില്ല. ഞങ്ങളുടെ സംസ്‌കാരവുമായി യോജിക്കുന്നില്ല. രണ്ടാമതായി, അവരുടെ പ്രവൃത്തികള്‍ ഒരു ബ്രിട്ടീഷ് സിനിമയിലെ നടന്മാരെ അനുകരിക്കുന്നതായിരുന്നു. ആരെയെങ്കിലും പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യുകയാണെങ്കില്‍, നല്ലതും നിയമപരവുമായ കാര്യങ്ങളില്‍ മത പിതാക്കന്മാരെ പിന്തുടരണം.’ അദ്ദേഹം പറഞ്ഞു.
അസ്ഗര്‍ ഹുസൈനി, ജലീല്‍ യാക്കൂബി, അഷോര്‍ അക്ബറി, ദാവൂദ് റാസ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ഇരുപതു വയസ്സിന് താഴെയുള്ളവരാണ്. അവര്‍ പാശ്ചാത്യവസ്ത്രങ്ങള്‍ ധരിച്ച് ഒരുമിച്ച് നടന്നുപോകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആളുകള്‍ക്ക് ഫോട്ടോ എടുക്കാന്‍ പലപ്പോഴും അവര്‍ പോസ് ചെയ്യുന്നതും കാണാമായിരുന്നു. ഇതില്‍ ഒരാള്‍ പിന്നീട് ഇങ്ങനെ ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തു.




