ചെന്നൈ: വിമാന ജീവനക്കാര്‍ ഉള്‍പ്പെട്ട വന്‍ സ്വര്‍ണക്കടത്ത് സംഘത്തെ ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വര്‍ണം പിടിച്ചെടുത്ത കസ്റ്റംസ് 5 പേരെ അറസ്റ്റ് ചെയ്തു.
ദുബായില്‍നിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലെ ജീവനക്കാരനെ തടഞ്ഞു നടത്തിയ പരിശോധനയില്‍ നെഞ്ചിലും അരയിലും പ്രത്യേക ബെല്‍റ്റുകളില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്ന 9.46 കിലോ 24 കാരറ്റ് സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ചെന്നൈ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് (എഐയു) പരിശോധന നടത്തിയത്. സ്വര്‍ണം കൈപ്പറ്റാനെത്തിയ 3 പേരും കള്ളക്കടത്തിനു സഹായിച്ച യാത്രക്കാരനും ഉള്‍പ്പെടെ 5 പേരെ വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്തു. എല്ലാവരെയും കോടതിയില്‍ ഹാജരാക്കി.




