Wednesday, April 8, 2026
Google search engine
HomeNewsKerala Newsടെന്‍ഡര്‍സമയം നീട്ടിനല്‍കിയിട്ടും ഒരു കമ്പനിപോലും വന്നില്ല; കടല്‍മണല്‍ ഖനന ലേലം റദ്ദാക്കി കേന്ദ്രം

ടെന്‍ഡര്‍സമയം നീട്ടിനല്‍കിയിട്ടും ഒരു കമ്പനിപോലും വന്നില്ല; കടല്‍മണല്‍ ഖനന ലേലം റദ്ദാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ കൊല്ലം തീരത്തേതുള്‍പ്പെടെ കടല്‍മണല്‍ ഖനനത്തിനായുള്ള ലേലനടപടികള്‍ കേന്ദ്ര ഖനനമന്ത്രാലയം റദ്ദാക്കി. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ ഒരു കമ്പനി പോലും എത്താതിരുന്നതിനെ തുടര്‍ന്നാണ് ലേലനടപടികള്‍ റദ്ദാക്കി കേന്ദ്രം വിജ്ഞാപനമിറക്കിയത്. പലതവണ ടെന്‍ഡര്‍സമയം നീട്ടിനല്‍കിയിട്ടും ഒരു കമ്പനിയെപ്പോലും ആകര്‍ഷിക്കാനാവാത്തതാണ് കേരളമടക്കം പത്ത് ബ്ലോക്കുകളിലെ നടപടി റദ്ദാക്കിയത്.

എന്നാല്‍, അന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍പ്പെട്ട മൂന്നു ബ്ലോക്കുകളില്‍ ഇ-ലേല നടപടികള്‍ മുന്നോട്ടുപോയെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികള്‍ക്ക് സാങ്കേതിക യോഗ്യത പാലിക്കാനായില്ല. പുതിയ കമ്പനികളെത്തുകയും ചെയ്യാതിരുന്നതോടെ ഇതും റദ്ദാക്കി. മൊത്തം 13 ബ്ലോക്കുകളിലാണ് രാജ്യത്താകെ ഓഫ്ഷോര്‍ ഖനനത്തിന് കേന്ദ്രം തീരുമാനിച്ചിരുന്നത്.

ജൂലായ് 15-നകം ടെന്‍ഡര്‍രേഖകള്‍ വാങ്ങാനായിരുന്നു കേന്ദ്രത്തിന്റെ ആദ്യ വിജ്ഞാപനം. കടല്‍മണല്‍ഖനനത്തിനെതിരേ എതിര്‍പ്പുകളുയര്‍ന്ന കേരളത്തിലേക്ക് ഒരു കമ്പനിയും എത്താതിരുന്നതോടെ ജൂലായ് 28 വരെയാക്കി നീട്ടി. കേരളത്തിലേക്ക് ഒറ്റ കമ്പനിയുമെത്താത്ത വിവരം ജൂലായ് 20-ന് ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.

കൊല്ലത്ത് മൂന്ന് ബ്ലോക്കുകളിലാണ് കടല്‍മണല്‍ ഖനനത്തിനായി കണ്ടെത്തിയത്. ഇതിനുള്ള നീക്കമാരംഭിച്ചതോടെ എതിര്‍പ്പുയരുകയായിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്കും അവരുടെ ഉപസ്ഥാപനങ്ങള്‍ക്കുമായിരുന്നു നേരത്തേ ടെന്‍ഡര്‍ സമര്‍പ്പിക്കാനാകുമായിരുന്നത്. എന്നാല്‍, എതിര്‍പ്പുകള്‍തീര്‍ത്ത ആശങ്കകള്‍ കാരണം കമ്പനികള്‍ വരാന്‍ മടിച്ചു. ഇതേത്തുടര്‍ന്ന് വിദേശ കമ്പനികള്‍ക്കും ഉപകമ്പനികള്‍ക്കും ലേലത്തില്‍ പങ്കെടുക്കാമെന്ന് വ്യവസ്ഥകളില്‍ ഭേദഗതിവരുത്തി. എന്നിട്ടും പ്രയോജനമുണ്ടായില്ല.

ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്ത് മൂന്ന് ബ്ലോക്കുകളിലായി ചുണ്ണാമ്പു കളിമണ്ണ് ഖനനത്തിനും അന്തമാന്‍ കടലില്‍ ഗ്രേറ്റ് നിക്കോബാര്‍ ദ്വീപസമൂഹത്തില്‍പ്പെട്ട നാല് ബ്ലോക്കുകളിലെ പോളിമെറ്റാലിക് നോഡ്യൂള്‍ ഖനനത്തിനുമുള്ള ടെന്‍ഡര്‍നടപടികളും റദ്ദാക്കി. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മറ്റു മൂന്ന് ബ്ലോക്കുകളില്‍പ്പെട്ട പോളിമെറ്റാലിക് നോഡ്യൂള്‍ ഖനനത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികള്‍ക്കൊന്നും സാങ്കേതികയോഗ്യതയില്‍ വിജയിക്കാനായില്ല.

കേരളത്തിലെ കടല്‍മണല്‍ഖനനനീക്കം ഗുരുതര പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതായതിനാല്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ രണ്ടുതവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊല്ലം പരപ്പിലെ 242 ചതുരശ്ര കിലോമീറ്റര്‍പ്രദേശമാണ് ഖനനത്തിനായി ആദ്യം തിരഞ്ഞെടുത്തത്. കേരളത്തിനു സമീപം കടലില്‍ 74.5 കോടി ടണ്‍ മണല്‍ശേഖരമുണ്ടെന്നാണ് കണ്ടെത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments