തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 30 വര്‍ഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി ഐ.എഫ്.എഫ്.കെ. എക്സ്പീരിയന്‍സിയ പ്രദര്‍ശനത്തിന് തുടക്കമായി. 30-ാമത് ഐ.എഫ്.എഫ്.കെ.യില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജേതാവ് അബ്ദെര്‍റഹ്മാന്‍ സിസ്സാക്കോ മൂന്നാം ദിവസം ടാഗോര്‍ തിയറ്ററില്‍ എക്സിബിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരം നഗരിയെ വരിനില്‍ക്കാന്‍ ശീലിപ്പിച്ച, അര്‍ദ്ധരാത്രികളിലും സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ പഠിപ്പിച്ച, അന്യഭാഷകളോട് പ്രണയത്തിലാവാന്‍ പ്രേരിപ്പിച്ച, അപരിചിത മുഖങ്ങളോടു പുഞ്ചിരിക്കാന്‍ ഉത്സാഹിപ്പിച്ച, ഡിസംബറിനെ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിച്ച ഐ.എഫ്.എഫ്.കെ.യുടെ 30 വര്‍ഷങ്ങളാണ് ഐ.എഫ്.എഫ്.കെ. എക്സ്പീരിയന്‍സിയ അടയാളപ്പെടുത്തുന്നത്.
1994-ല്‍ കോഴിക്കോട് ആദ്യമായി തിരികൊളുത്തിയ സിനിമാ പ്രണയത്തിന്റെ വെളിച്ചം ഇന്നും അതേ ശോഭയില്‍ പ്രതിഫലിക്കുന്നു. വിശ്വ വിഖ്യാത സിനിമകളും, ആദ്യ ചലച്ചിത്രോത്സവത്തിന്റെ പ്രദര്‍ശന ചിത്രങ്ങളും, ലോകം വാഴ്ത്തിയ സംവിധായകരുടെ റെട്രോസ്പെക്റ്റീവുകളും, കഴിഞ്ഞ 29 വര്‍ഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകളും ഡെലിഗേറ്റ് ഐഡി കാര്‍ഡുകളും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു.
ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, സിറ്റി ലൈറ്റ്സ്, റാഷമോണ്‍, എലക്ട്ര മൈ ലവ്, കാഞ്ചനസീത ഉള്‍പ്പെടെ യുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകള്‍ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു. ഗോദാര്‍ദ്, ഫ്രാന്‍സിസ്കോ റോസി, യൂസഫ് ഷഹീന്, മൃണാള്‍ സെന്‍, സയിദ് മിര്‍സ, എംടി, പി എന്‍ മേനോന്, ശാരദ ഉള്‍പ്പെടെയുള്ളവര്‍ ഉള്ള ഒറ്റ ഫ്രെയിം പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷണമാണ്.




