സിഡ്നി: ബോണ്ടി ബീച്ചില്‍ ജൂത ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 10 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടു. 40 പേര്‍ക്കാണ് പരുക്കേറ്റത്. അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. നവീദ് അക്രം (24), പിതാവ് സജീദ് അക്രം (50) എന്നിവരാണ് കൂട്ടക്കൊല നടത്തിയത്. സജീദ് അക്രമാണ് പൊലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അക്രമികള്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്ട്രേലിയന്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ എഎസ്ഐഒ അന്വേഷിക്കുകയാണ്. ഐഎസിന്റെ സിഡ്നി സെല്ലുമായി കൊലയാളികളിലൊരാള്‍ 6 വര്‍ഷം മുന്‍പ് ബന്ധപ്പെട്ടുവെന്ന കാര്യമാണ് പരിശോധിക്കുന്നത്. നവീദ് അക്രം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെയാണു അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെടിവയ്പിനിടെ അക്രമിയെ കീഴടക്കി തോക്ക് കൈവശപ്പെടുത്തി, ഇയാളെ പിടികൂടാന്‍ സഹായിച്ച വഴിയാത്രക്കാരനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. അഹ്മദ് അല്‍ അഹ്മദ് (43) ആണ് രാജ്യാന്തര പ്രശംസ ഏറ്റുവാങ്ങിയത്.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ഓസ്ട്രേലിയയിലെ വിവിധ മുസ്ലിം സംഘടനകളും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തെ അപലപിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരത്തിലേറെ പേര് എത്തിയിരുന്നു. ഇസ്രയേല്‍ പലസ്തീന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെടിവയ്പ് ഉണ്ടായതെന്നും ഇതെക്കുറിച്ചു പലതവണ ഓസ്ട്രേലിയയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ പറഞ്ഞു.




