ന്യൂഡല്‍ഹി: സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡ്യൂപ്ലിക്കറ്റ് കാര്‍ കീ തയാറാക്കി, അവ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ടിക്കുന്ന ഹൈടെക് കള്ളന്മാരുടെ സംസ്ഥാനാന്തര സംഘത്തെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ സോനു, ആശിഷ്, ഹരിയാന സ്വദേശിയായ സന്ദീപ് എന്നിവരാണു പിടിയിലായത്. 3 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓണ്‍-ബോര്‍ഡ് ഡയഗ്നോസ്റ്റിക് (ഒബിഡി) പോര്‍ട്ട് വഴി ഡ്യൂപ്ലിക്കറ്റ് കാര്‍ കീ പ്രോഗ്രാം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ടാബ്ലറ്റും വിവിധ കാര്‍ ബ്രാന്‍ഡുകളുടെ ഡ്യൂപ്ലിക്കറ്റ് കീകളും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഡാഷ്ബോര്‍ഡിനു കീഴിലുള്ള ഒബിഡി പോര്‍ട്ടിലേക്കു കണക്ട് ചെയ്യാന്‍ ഒരു ഇലക്ട്രോണിക് കീ-ക്ലോണിംഗ് ടാബ്ലറ്റ് ഉപയോഗിച്ചതായും വാഹനത്തിന്റെ സുരക്ഷാ കോഡ് പകര്‍ത്തി ബ്ലാങ്ക് കീകള്‍ പ്രോഗ്രാം ചെയ്തതായും പ്രതികള്‍ മൊഴി നല്കി. മോഷ്ടിച്ച വാഹനങ്ങള്‍ ഡല്‍ഹി- എന്‍സിആര്‍ പ്രദേശത്ത് ഒന്നുമുതല്‍ രണ്ടാഴ്ച വരെ പാര്‍ക്ക് ചെയ്ത ശേഷം പ്രദേശത്തിനു പുറത്ത് വില്‍ക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു.




