കേ രളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനവിധി നേടിയ പുതിയ ഭരണാധികാരികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തു മണിയോടെ ചടങ്ങുകൾ ആരംഭിച്ചു. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ 11.30-ന് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന അംഗമായ ക്ലീറ്റസ് ആണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. ആർ. ശ്രീലേഖ, വി.വി. രാജേഷ് തുടങ്ങിയ പ്രമുഖർക്കൊപ്പം ഭരണഘടന കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്ത കെ.എസ്. ശബരീനാഥൻ, വൈഷ്ണ സുരേഷ് എന്നിവരുടെ നടപടിയും ചടങ്ങിൽ ശ്രദ്ധിക്കപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കാൻ രാഷ്ട്രീയ അട്ടിമറികൾക്കില്ലെന്നും ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും സി.പി.എമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്,തൃശൂർ, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലും പുതിയ കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. ഇതോടെ സംസ്ഥാനത്തെ തദ്ദേശ ഭരണകൂടങ്ങളിൽ പുതിയ വികസനത്തുടർച്ചയ്ക്കുള്ള ഔദ്യോഗിക തുടക്കമായി.




