Sunday, April 12, 2026
Google search engine
HomeNewsKerala Newsരാമനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; ഇന്നു വിമാനമാര്‍ഗം റായ്പുരിലെത്തിക്കും

രാമനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; ഇന്നു വിമാനമാര്‍ഗം റായ്പുരിലെത്തിക്കും

തൃശൂര്‍: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാമനാരായണ്‍ ഭാഗേലിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്നു വിമാനമാര്‍ഗം സ്വദേശമായ റായ്പുരിലെത്തിക്കും. ആള്‍ക്കൂട്ടക്കൊലപാതകം, പട്ടികജാതി അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്നും 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കണമെന്നതുമടക്കം ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി മന്ത്രി കെ.രാജന്‍ ഉറപ്പു നല്‍കിയതോടെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.
മൃതദേഹം ഏറ്റുവാങ്ങില്ലെന്നറിയിച്ചു ഭാര്യ ലളിതയും രണ്ടു കുഞ്ഞുങ്ങളുമടക്കം കുടുംബം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ കുത്തിയിരിപ്പു നടത്തിയിരുന്നു. കുടുംബാഗങ്ങളുമായി ആര്‍ഡിഒ, അസി. കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെയാണു കലക്ടറേറ്റില്‍ മന്ത്രി കെ. രാജന്‍, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. കേരളത്തിനാകെ അപമാനകരമായ സംഭവമാണു നടന്നതെന്നും രാമനാരായണിന്റെ കുടുംബത്തിന് എല്ലാ പരിരക്ഷയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 10 ലക്ഷം രൂപയില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കാബിനറ്റില്‍ അവതരിപ്പിച്ചു സഹായം ഉറപ്പാക്കും. ആള്‍ക്കൂട്ടക്കൊലയ്ക്കു പിന്നിലുള്ള ഒരാളെയും വെറുതെവിടില്ല. കുടുംബത്തിന്റെ ആവശ്യപ്രകാരം പട്ടികജാതി, വര്‍ഗ അതിക്രമം തടയല്‍ നിയമം അടക്കം ചുമത്തും. അതിഥിത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏഴു കുടുംബാംഗങ്ങള്‍ക്കൊപ്പം മൃതദേഹം വിമാനമാര്‍ഗം ഇന്നു നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ചെലവു വഹിക്കുമെന്നു കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. റായ്പൂരില്‍ നിന്നു രാമനാരായണിന്റെ ഗ്രാമത്തിലേക്കു മൃതദേഹം എത്തിക്കാനുള്ള ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. രാമനാരായണിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ച കലക്ടര്‍ ഭാര്യ ലളിതയെയും മക്കളെയും ആശ്വസിപ്പിച്ചു. നന്നായി പഠിക്കണം എന്ന ഓര്‍മപ്പെടുത്തലോടെ കുട്ടികള്‍ക്കു പേന സമ്മാനമായി നല്‍കി. നഷ്ടപരിഹാരത്തുക എത്രയും വേഗം കുടുംബത്തിന്റെ അക്കൗണ്ടിലെത്തിക്കാന്‍ പാലക്കാട് ജില്ലാ ഭരണകൂടവും നടപടി വേഗത്തിലാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments