തിരുവനന്തപുരം: അവസാന നിമിഷം തിരുവനന്തപുരം മേയര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ആര്‍.ശ്രീലേഖ. സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയ ശ്രീലേഖ, ഇരിപ്പിടമില്ലാതെ പിന്‍നിരയിലേക്കു മാറാന്‍ ശ്രമിച്ചു. ഉടന്‍തന്നെ മറ്റുള്ളവര്‍ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയര്‍ ജി.എസ്.ആശാനാഥിനു സമീപം അവര്‍ക്ക് ഇരിപ്പിടം ഒരുക്കിക്കൊടുത്തു.
മേയറായി വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ശ്രീലേഖ കൗണ്‍സില്‍ ഹാള്‍ വിട്ട് പുറത്തേക്കുപോയി. ഒരു പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനാണു പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് തിരികെയെത്തിയ ശ്രീലേഖ, അതൃപ്തി വ്യക്തമാക്കുന്ന തരത്തിലാണ് കൗണ്‍സില്‍ ഹാളിലും നേതാക്കളോടും പെരുമാറിയത്.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്വീകരണത്തിനു ശേഷം മേയര്‍ വി.വി.രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും നേരേ പോയത് ആര്‍.ശ്രീലേഖയുടെ വീട്ടിലേക്കാണ്. പ്രതിഷേധത്തിന്റെ മഞ്ഞുരുക്കുകയും ഒപ്പംനിര്‍ത്തുകയുമായിരുന്നു ലക്ഷ്യം. സ്ഥാനമേറ്റ ശേഷം പ്രമുഖരെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശ്രീലേഖയെ കാണാനെത്തിയതെന്നാണ് രാജേഷ് പറഞ്ഞത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് വി.വി. രാജേഷിനൊപ്പം പരിഗണിച്ച മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്ക് ബിജെപി പുതിയ പദവി നല്‍കിയേക്കും. പാര്‍ട്ടിയുടെ ഭാരവാഹിസ്ഥാനങ്ങള്‍ക്കുപുറത്ത് ഏതെങ്കിലും പദവിയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന.
മേയര്‍സ്ഥാനം ആര്‍ക്കുനല്‍കണമെന്നതില്‍ നേതാക്കള്‍ രണ്ടുതട്ടിലായിരുന്നു. മേയര്‍സ്ഥാനം ശ്രീലേഖയ്ക്ക് നല്‍കണമെന്ന് ഒരു വിഭാഗം നിലപാടെടുത്തെങ്കിലും മറ്റൊരു വിഭാഗം മുതിര്‍ന്ന നേതാക്കളും ആര്‍എസ്എസും വി.വി. രാജേഷിനായി നിലകൊണ്ടതോടെ ശ്രീലേഖ പുറത്തായി. ഇതോടെയാണ് അവര്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന വാദം ശക്തമായത്. പദവി ബിജെപി കേന്ദ്രഘടകം തീരുമാനിക്കും.
2024 ഒക്ടോബറിലാണ് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നത്. രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റായശേഷം നടന്ന പുനഃസംഘടനയില്‍ അവരെ വൈസ് പ്രസിഡന്റാക്കി. രാഷ്ട്രീയരംഗത്ത് കൂടുതല്‍ പ്രവര്‍ത്തനപാരമ്പര്യമുള്ളയാള്‍ മേയറായാല്‍ മതിയെന്ന് ആര്‍എസ്എസ് നിലപാട് കടുപ്പിച്ചതോടെയാണ് ശ്രീലേഖ പുറത്തായത്. ബിജെപിക്ക് വിജയപ്രതീക്ഷയുള്ള നിയമസഭാമണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുന്നതും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.




