തിരുവനന്തപുരം: തിരുവനന്തപുരം നഗരഭരണം ബിജെപിയിലേക്ക് എത്തിയ വെള്ളിയാഴ്ച കോര്‍പ്പറേഷന്‍ കെട്ടിടവും ചുറ്റുപാടും പ്രവര്‍ത്തകരുടെ ആഹ്ലാദാരവങ്ങള്‍ മുഴങ്ങി. മേയറായി വി.വി.രാജേഷും ഡെപ്യൂട്ടി മേയറായി ആശാനാഥും സത്യപ്രതിജ്ഞചെയ്ത ചടങ്ങുകളില്‍ കൗണ്‍സില്‍ ഹാള്‍ തിങ്ങിനിറഞ്ഞ് ബിജെപി പ്രവര്‍ത്തകരായിരുന്നു. പ്രായമായ സ്ത്രീകളടക്കം വി.വി. രാജേഷിന് ജയ് വിളിച്ച് വിജയം ആഘോഷിച്ചു.
വോട്ടെടുപ്പ് നടക്കുമ്പോള്‍ മുദ്രാവാക്യം വിളികളുമായി അക്ഷമരായി പുറത്ത് കാത്തുനിന്നു. 51 വോട്ട് നേടി വി.വി. രാജേഷ് മേയറായി എന്ന അറിയിപ്പ് വന്നതോടെ പ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് ചുറ്റിനുംനിന്ന് ഭാരതാംബയ്ക്കും ബലിദാനികള്‍ക്കും ജയ് വിളിച്ചു. വി.വി. രാജേഷിനെ ഷാള്‍ അണിയിച്ചു. ബിജെപി നേതാക്കള്‍ വേദിയിലെത്തി രാജേഷിനെ ഷാള്‍ അണിയിച്ചു.
സത്യപ്രതിജ്ഞാച്ചടങ്ങിന് ബിജെപി നേതാക്കളായ കരമന ജയന്‍, എസ്.സുരേഷ്, സി.ശിവന്‍കുട്ടി, ചെങ്കല്‍ രാജശേഖരന്‍ തുടങ്ങിയവരും എത്തിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമ്പോള്‍ പുറത്ത് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രധാനമന്ത്രി മോദിയുടെയും രാജേഷിന്റെയും ആശാനാഥിന്റെയും ഫ്‌ളക്സുകളും ഉയര്‍ത്തി.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുശേഷം വൈകീട്ട് സ്വീകരണത്തിനായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലേക്കായിരുന്നു വി.വി. രാജേഷിന്റെ ആദ്യയാത്ര. മേയറുടെ വാഹനത്തിന് കര്‍പ്പൂരാരതി ഉഴിഞ്ഞശേഷമാണ് വാഹനം മുന്നോട്ടെടുത്തത്.




