Monday, April 6, 2026
Google search engine
HomeNewsഖാലിദ സിയ അന്തരിച്ചു; ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത

ഖാലിദ സിയ അന്തരിച്ചു; ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത

ധാക്ക: ബംഗ്ലദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിക്കാണ് അന്തരിച്ചത്. നെഞ്ചില്‍ അണുബാധ മൂലം നവംബര്‍ 23നാണ് ഖാലിദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഖാലിദ സിയ നേരിട്ടിരുന്നു. വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകള്‍ എന്നിവയെ ബാധിക്കുന്ന പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
ഹൃദ്രോഗ വിദഗ്ധനായ ഷഹാബുദ്ദീന്‍ താലൂക്ക്ദാറിന്റെ നേതൃത്വത്തില്‍, ബംഗ്ലദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ ഒരു മെഡിക്കല്‍ ബോര്‍ഡാണ് ഖാലിദ സിയയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. ഖാലിദ സിയയെ ഡിസംബര്‍ ആദ്യം വിദേശത്തുകൊണ്ടുപോയി ചികിത്സിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതിനാല്‍ അത് ഒഴിവാക്കുകയായിരുന്നു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷയാണ്. മൂന്നു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ല്‍ അഴിമതിക്കേസില്‍ ശിക്ഷിച്ചിരുന്നു. ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.
ബംഗ്ലദേശ് സൈനിക മേധാവിയും പില്‍ക്കാലത്ത് പ്രസിഡന്റുമായ സിയാവുര്‍ റഹ്‌മാന്റെ ഭാര്യയാണ്. 1991 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ. ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയും ലോകത്തെ രണ്ടാമത്തെ മുസ്ലിം വനിത പ്രധാനമന്ത്രിയുമായിരുന്നു. 1946 ഓഗസ്റ്റ് 15ന് അവിഭക്ത ഇന്ത്യയിലെ ദിനാജ്പുരില്‍ ഇസ്‌കന്ദര്‍ മജുംദാറിന്റെയും തായിബ മജുംദാറിന്റെയും മകളായാണു ഖാലിദ സിയയുടെ ജനനം. വിഭജനത്തെത്തുടര്‍ന്നു കുടുംബം പടിഞ്ഞാറന്‍ പാക്കിസ്ഥാനിലേക്ക് കുടിയേറി. 1960ലാണ് ഖാലിദ സിയാവുര്‍ റഹ്‌മാനെ വിവാഹം കഴിച്ചത്. 1981ല്‍ സിയാവുര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതോടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള ബീഗം ഖാലിദയുടെ രംഗപ്രവേശം. അതുവരെ സിയാവുറിന്റെ പത്‌നിയെന്ന വിശേഷണത്തില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞയാളായിരുന്നു ഖാലിദ. സിയാവുര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, അദ്ദേഹം സ്ഥാപിച്ച ബിഎന്‍പിയില്‍ ഖാലിദ സിയ അംഗമായി. 1982ല്‍ സിയാവുര്‍ റഹ്‌മാന്റെ പിന്‍ഗാമിയായി പ്രസിഡന്റായ അബ്ദുല്‍ സത്താറിനെ പുറത്താക്കിക്കൊണ്ട് അന്നത്തെ സൈനിക മേധാവി ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദ് നടത്തിയ അട്ടിമറിക്കു പിന്നാലെയാണ് ബംഗ്ലദേശ് രാഷ്ട്രീയത്തില്‍ ഖാലിദ ഉദിച്ചു തുടങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments