കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സൈബര്‍ പോര്‍വിളികളില്‍ ഒടുവില്‍ പോലീസ് ഇടപെടുന്നു. സിപിഎം പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ റെഡ് ആര്‍മി കണ്ണൂരിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ഭാഗമായുള്ള കമന്റുകളില്‍ പോലീസ് കേസെടുത്തു. സാമൂഹികമാധ്യമങ്ങളിലെ പോര്‍വിളി സംഘര്‍ഷം സൃഷ്ടിക്കുമെന്ന് കാണിച്ച് ജില്ലാ പോലീസ് മേധാവിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
റെഡ് ആര്‍മി കണ്ണൂരിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ 16-നാണ് നാടന്‍ ബോംബ് എറിഞ്ഞുപൊട്ടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ‘കണ്ണൂരിലെ കണ്ണായ പാനൂര്‍ സഖാക്കള്‍ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല എന്നുമാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട്’ എന്ന അടിക്കുറിപ്പോടെയായിരുന്നു റീല്‍. അതിനുകീഴില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോര്‍വിളിയും ഭീഷണിയും. ബോംബ് എറിഞ്ഞുപൊട്ടിക്കുന്ന ദൃശ്യം സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടും പോലീസ് കണ്ട ഭാവം നടിച്ചിരുന്നില്ല.
സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് രണ്ടാഴ്ചയ്ക്കുശേഷമാണ് കേസെടുത്തത്. കലാപം സൃഷ്ടിക്കാന്‍ ആഹ്വാനംചെയ്‌തെന്നാണ് ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമുള്ള കേസ്. പ്രകോപനപരമായ കമന്റുകള്‍ ഇട്ടവരെ കണ്ടെത്തിയാകും പ്രതിചേര്‍ക്കുക. ഇതിനായി പരിശോധന തുടരുകയാണ്. നാടന്‍ബോംബ് ഉപയോഗിക്കുന്ന വീഡിയോ അടങ്ങിയ റീല്‍ ഇട്ട് ഭീഷണി മുഴക്കുന്ന പോസ്റ്റിനുതാഴെ സിപിഎം പ്രവര്‍ത്തകരും മുസ്ലിം ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോര്‍വിളി നടത്തുന്ന കമന്റുകള്‍ പ്രകോപനപരവും സമൂഹത്തില്‍ ലഹളയുണ്ടാക്കാനും കലാപം സൃഷ്ടിക്കാനുമുള്ള മനഃപൂര്‍വമായ ആഹ്വാനവുമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നുണ്ടെങ്കിലും സ്‌ഫോടകവസ്തു എറിയുന്ന റീലിന്റെ പേരില്‍ പ്രത്യക്ഷത്തില്‍ കേസില്ല.
തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം പാനൂര്‍ പാറാട് മേഖലയില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതോടെയായിരുന്നു അത്. ചുവപ്പ് തുണി തലയില്‍ കെട്ടിയ സംഘം വടിവാളുകളുമായി കവലകളിലും വീടുകളിലുമെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. മേഖലയില്‍ പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു ഭീഷണിസന്ദേശമുള്ള ഇന്‍സ്റ്റഗ്രാം റീല്‍.




