ബംഗളൂരു: സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടര്‍ന്നു വീട് നഷ്ടപ്പെട്ടവര്‍ക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴില്‍ ഫ്‌ലാറ്റ് നല്‍കും. യെലഹങ്ക ഫക്കീര്‍ കോളനിയിലെ ചേരിയില്‍ താമസിച്ചിരുന്നവര്‍ക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയായ ഫ്‌ലാറ്റുകള്‍ സബ്‌സിഡി നിരക്കില്‍ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ലാറ്റുകള്‍ക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്‌സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി കൂടി ലഭിക്കുന്നതോടെ ജനറല്‍ വിഭാഗക്കാര്‍ക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും. ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്‍കും.
പട്ടിക വിഭാഗങ്ങള്‍ക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്‌സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതല്‍ ഫ്‌ലാറ്റുകള്‍ നല്‍കി തുടങ്ങും. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താന്‍ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദര്‍ശിച്ചു രേഖകള്‍ പരിശോധിക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ തുടങ്ങിയ രേഖകള്‍ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ചു തീര്‍പ്പുണ്ടാകും. ഭവനമന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ മേല്‍നോട്ടത്തിലായിരിക്കും ഇത്. ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറും ഭവനമന്ത്രി സമീര്‍ അഹമ്മദ് ഖാനും കഴിഞ്ഞ ദിവസം കോളനി സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു പുനരധിവാസ പാക്കേജിന് അന്തിമ രൂപമായത്. മാലിന്യം തള്ളാന്‍ വിജ്ഞാപനം ചെയ്ത് 5 ഏക്കര്‍ ക്വാറി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു തിരിച്ചുനല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലുമായി നടന്ന കുടിയൊഴിപ്പിക്കല്‍ വിവാദമായതിനു പിന്നാലെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇടപെട്ടതോടെയാണ് സര്‍ക്കാര്‍ പുനരധിവാസ പാക്കേജിന് തയാറായത്. കേരളത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെയാണു പിണറായി വിജയന്‍ അയല്‍ സംസ്ഥാനത്തെ ഒഴിപ്പിക്കല്‍ ഉന്നയിച്ച് രാഷ്ട്രീയം കളിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. ഭൂമാഫിയ 2 ലക്ഷം രൂപ വരെ വാങ്ങിയാണ് ക്വാറിയില്‍ വീടു നിര്‍മിക്കാന്‍ വഴിയൊരുക്കിയത്. ഇതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും പറഞ്ഞു.
ഇതിനിടെ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ടി.ശ്യാംഭട്ടിന്റെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിച്ചു തെളിവെടുപ്പു നല്‍കി. തുടര്‍ന്നു കലക്ടര്‍ക്കും ജിബിഎക്കും നോട്ടിസ് അയച്ചു. 7 ദിവസത്തിനകം മറുപടി നല്‍കാനാണു നിര്‍ദേശം. പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. എസ്എഫ്‌ഐ കര്‍ണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ച് സഹായങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. കേരള ഘടകവും പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയതായി ദേശീയ പ്രസിഡന്റ് ആദര്‍ശ് എം. സജി അറിയിച്ചു.




