കണ്ണൂര്‍: മൂന്നര വയസ്സുള്ള കുട്ടിയോടൊപ്പം രാസലഹരി വില്‍പനയ്‌ക്കെത്തിയ ദമ്പതികള്‍ പിടിയില്‍. ബെംഗളൂരുവില്‍ താമസക്കാരായ കണ്ണൂര്‍ തയ്യില്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 70.66 ഗ്രാം എംഡിഎംഎ പിടികൂടി.
ഷാഹുല്‍ ഹമീദും നജീമയും രാസലഹരിയുമായി ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ബസില്‍ വരുന്നുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചു. ഇന്ന് രാവിലെ ബസില്‍ എത്തിയ ദമ്പതികള്‍ ഓട്ടോറിക്ഷയില്‍ ആശുപത്രി പരിസരത്തേക്ക് വരുമ്പോള്‍ ഡാന്‍സാഫ് അംഗങ്ങള്‍ ഓട്ടോറിക്ഷ വളഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നജീമയുടെ ദേഹത്ത് ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.
നാര്‍ക്കോട്ടിക് എസിപി രാജേഷ്, കണ്ണൂര്‍ സിറ്റി എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ലഹരി മരുന്നു വില്‍പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ കെയര്‍ ഹോമിലേക്ക് മാറ്റി.




