തിരുവനന്തപുരം :ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ നിയമവ്യവസ്‌ഥയെ വെല്ലുവിളിക്കുകയാണെന്ന് ടി. പി. സെൻകുമാർ.
ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമായതിനാൽ നൽകാതിരിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി കേന്ദ്രജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്തയുടെ അതെനിരക്കിലാണ് സംസ്ഥാന ജീവനക്കാർക്കും അനുവദിക്കുന്നത്. പ്രഖ്യാപനം വൈകിയാൽ കുടിശ്ശികതുക മുൻകാലപ്രാബല്യത്തോടുകൂടി പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്ന പതിവ് രീതി സംസ്ഥാനസർക്കാർ അട്ടിമറിച്ചിരിക്കുകയാണ്.
ക്ഷാമബത്ത സർക്കാരിന്റെ ഔദാര്യമല്ല.
ജീവനക്കാരുടെ അവകാശമാണ്.ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങളും,അവകാശങ്ങളും കവർന്നെടുത്ത ഇടതുസർക്കാർ നടപടി സിവിൽ സർവീസിനെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരള എൻ ജി ഒ സംഘ് സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര നിൽപ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് ക്ഷാമബത്ത കുടിശ്ശികയും അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യവും നൽകുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്തപെൻഷൻ പിൻവലിച്ച് ഇടതുസർക്കാർ വാക്കുപാലിക്കുക, മെഡിസെപ്: സർക്കാർ വിഹിതം ഉൾപ്പെടുത്തി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ 10 മണിമുതൽ വൈകിട്ട് 5 വരെ നടന്ന പ്രതിഷേധത്തിൽ സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ്,ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി. കെ.ജയപ്രസാദ്, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ബി. ജയപ്രകാശ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. എൻ. രമേശ്, കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് റ്റി. ഐ. അജയകുമാർ,എൻ ജി ഒ സംഘ് സംസ്ഥാന ഭാരവാഹികളായ അനിത രവീന്ദ്രൻ,പ്രദീപ് പുള്ളിത്തല,എസ്. വിനോദ്കുമാർ, പി. ആര്യ, എൻ. വി. ശ്രീകല എന്നിവർ പ്രസംഗിച്ചു. ബി. എം. എസ്. സംസ്ഥാന സമിതിഅംഗം ജയകുമാർ നാരങ്ങാനീര് നൽകി നിരാഹാര നിൽപ് സമരം അവസാനിപ്പിച്ചു.




