Sunday, April 12, 2026
Google search engine
Homeവൈഗ 2026: (13.02.2026)ലെ സെമിനാറുകളും കലാപരിപാടികളും

വൈഗ 2026: (13.02.2026)ലെ സെമിനാറുകളും കലാപരിപാടികളും

തിരുവനന്തപുരം: വൈഗ 2026 കാർഷിക മഹാമേളയുടെ ഭാഗമായി (ഫെബ്രുവരി 13) വിവിധ വേദികളിലായി കാർഷിക മേഖലയിലെ ഭാവി സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന വിപുലമായ സെമിനാറുകൾ സംഘടിപ്പിക്കുന്നു. ചെറു ധാന്യങ്ങളും കിഴങ്ങ് വർഗ്ഗങ്ങളും മുതൽ കയറ്റുമതി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് ഫാമിംഗ്, നാളികേര മൂല്യവർധിത ഉൽപ്പന്നങ്ങൾ വരെ ഉൾക്കൊള്ളുന്ന വിഷയങ്ങളിലാണ് ഇന്ന് വിദഗ്ധർ ക്ലാസുകൾ നയിക്കുന്നത്.

വേദി 1: (അന്താരാഷ്ട്ര കാർഷിക മൊത്തവ്യാപാര വിപണി, ആനയറ) — രാവിലെ സെഷൻ

ചെറു ധാന്യങ്ങളുടെ മൂല്യവർധന, കേരളത്തിലെ ചെറു ധാന്യങ്ങളുടെ മുഖ്യധാരാവത്ക്കരണം, കിഴങ്ങ് വർഗ്ഗവിളകളുടെ ടെക്‌നോ–ബിസിനസ് ഇൻക്യുബേഷൻ, ചെറു ധാന്യ സംരംഭങ്ങളുടെ നിലവിലെ സ്ഥിതി എന്നിവ വിഷയങ്ങളാകും. ICAR–ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം (CTCRI) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും വകുപ്പ് ഉദ്യോഗസ്ഥരും ക്ലാസുകൾ നയിക്കും. ചണ്ഡിഗഡിലെ മാതൃക മില്ലറ്റ് കഫേയും വിജയകരമായ FPO സംരംഭങ്ങളുടെയും അനുഭവങ്ങൾ പങ്കുവെക്കും.

വേദി 1: ഉച്ചയ്ക്ക് ശേഷം സെഷൻ

കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങളും സംസ്കരിച്ച ഭക്ഷ്യ വിഭവങ്ങളും കയറ്റുമതിക്ക് സജ്ജമാക്കുന്ന മാർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ, കയറ്റുമതി സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ APEDAയും ICAR–സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംബന്ധിക്കുന്ന വിദഗ്ധർ സംസാരിക്കും. കാർഷിക കയറ്റുമതി രംഗത്തെ സംരംഭകരുടെ വിജയഗാഥകളും അവതരിപ്പിക്കും.

വേദി 2: (സമേതി, തിരുവനന്തപുരം) — രാവിലെ സെഷൻ

കാർഷിക മേഖലയിൽ AIയും IoTയും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ, Large Language Models ന്റെ കാർഷിക പ്രയോഗങ്ങൾ, ഡ്രോൺ–റിമോട്ട് സെൻസിംഗ് സാങ്കേതികതകൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ. ഡിജിറ്റൽ യൂണിവേഴ്സിറ്റി, ICAR ഗവേഷണ സ്ഥാപനങ്ങൾ, അഗ്രി–ടെക് കമ്പനികൾ എന്നിവിടങ്ങളിലെ വിദഗ്ധർ സെഷനുകൾ കൈകാര്യം ചെയ്യും. ഹൈടെക് കർഷകരുടെ അനുഭവ പങ്കിടലും ഉണ്ടായിരിക്കും.

വേദി 2: ഉച്ചയ്ക്ക് ശേഷം സെഷൻ

നാളികേരത്തിൽ നിന്നുള്ള നവീന മൂല്യവർധിത ഉൽപ്പന്നങ്ങൾ, കയറ്റുമതി സാധ്യതകൾ, സംരംഭകത്വ വികസനത്തിനുള്ള സാങ്കേതിക വിദ്യകൾ, നാളികേര സംസ്കരണത്തിലെ പുതിയ പ്രവണതകൾ തുടങ്ങിയ വിഷയങ്ങളിൽ KABCO, ICAR–CPCRI, വ്യവസായ രംഗത്തെ വിദഗ്ധർ ക്ലാസുകൾ നയിക്കും. വിജയകരമായ നാളികേര സംരംഭകരുടെ അനുഭവങ്ങളും പങ്കുവെക്കും.
കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ, കാർഷിക മേഖലയിലെ പ്രൊഫഷണലുകൾ എന്നിവർക്ക് നേരിട്ടുള്ള അറിവും ബിസിനസ് സാധ്യതകളും നൽകുന്ന അറിവുത്സവമായി നാളത്തെ സെമിനാർ പരിപാടികൾ മാറും.

ഇന്നത്തെ കലാപരിപാടികൾ

ഫെബ്രുവരി 13 വൈകുന്നേരം ആനയറ വേൾഡ് മാർക്കറ്റ് പ്രധാന വേദിയിൽ Folk Fiesta – Folk Mega Show അരങ്ങേറും. IPTA (Indian People’s Theatre Association) അവതരിപ്പിക്കുന്ന ഈ മെഗാ കലാപരിപാടി വൈഗ കലാസന്ധ്യകളിലെ പ്രധാന ആകർഷണമായി മാറും. കേരളത്തിന്റെ നാടൻ പാട്ടുകളും ജനകീയ സംഗീതവും ഗ്രാമീണ കലാപാരമ്പര്യവും ഒരേ വേദിയിൽ എത്തിക്കുന്ന സമഗ്ര കലാവിരുന്നായിരിക്കും പരിപാടി. പാരമ്പര്യത്തിന്റെ താളവും നാടിന്റെ നന്മയും വിളിച്ചോതുന്ന ഗാനങ്ങൾ, നൃത്താവിഷ്‌കാരങ്ങൾ, സംഘഗാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അവതരണമാണ് ഒരുക്കിയിരിക്കുന്നത്. ജനകീയ കലാരൂപങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ഗ്രാമീണ സാംസ്കാരിക പൈതൃകം പ്രേക്ഷകരിലേക്ക് അടുത്തെത്തിക്കുകയും ചെയ്യുന്നതാണ് Folk Fiestaയുടെ ലക്ഷ്യം. കാർഷിക മഹാമേളയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന നാടൻ ജീവിതത്തിന്റെ കലാസ്വാദ്യമാണ് പരിപാടിയുടെ മുഖ്യവിശേഷത. വൈഗ വേദിയിലെ കലാസന്ധ്യകൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിലാണ് നടക്കുന്നത്. കർഷകരും കുടുംബങ്ങളും പൊതുജനങ്ങളും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments