ന്യൂഡല്‍ഹി: സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡനെ ചുമതലയില്‍ നിന്ന് നീക്കി, അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് കിട്ടും വരെയാണു നടപടി. ഹോസ്റ്റല്‍ വാര്‍ഡന്റെ ചുമതലയുള്ള ഡോ.റിങ്കു ദേവി ഗുപ്തയെയും അസിസ്റ്റന്റ് അനുപമ അറോറയേയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. ഇവരുടെ ഇടപെടല്‍ കാരണമാണ് പൊലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നാണു പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
അതേസമയം, അന്വേഷണത്തിനു നിയോഗിച്ച സമിതിയില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യമില്ലെന്നാണ് ആക്ഷേപം. വാര്‍ഡന്‍ സ്ഥാനത്തു നിന്നു നീക്കിയെങ്കിലും ഡോ. റിങ്കു ദേവി ലൈഫ് സയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി വിഭാഗത്തില്‍ അധ്യാപികയായി തുടരും. സംഭവം നടന്ന ദിവസം പൊലീസില്‍ പരാതി നല്‍കണമെന്നും പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും മറ്റു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാല്‍ മതി, എല്ലാം ശരിയാകും’ എന്നാണ് അസിസ്റ്റന്റ് വാര്‍ഡന്‍ അനുപമ പറഞ്ഞത്.
പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കാതെ, കുട്ടിയുടെ അമ്മയുടെ വാട്‌സാപ്പിലേക്ക് ‘പാനിക് അറ്റാക്ക് ഉണ്ടായി, സ്വയം മുറിവേല്‍പിക്കാന്‍ ശ്രമിച്ചു’ എന്ന് സന്ദേശം അയച്ചു. അമ്മ വിഡിയോ കോളില്‍ വിളിച്ചപ്പോള്‍ നടന്ന സംഭവങ്ങളെക്കുറിച്ചു കൃത്യമായി വിശദീകരിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
പിടിവലിയില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയ കാര്യം പറഞ്ഞപ്പോള്‍ അതു കണ്ടാല്‍ ബ്ലേഡ് കൊണ്ടു തനിയെ കീറിയതാണെന്നേ തോന്നൂ എന്നായിരുന്നു അനുപമയുടെ പ്രതികരണം. സംഭവ സ്ഥലത്തേക്ക് പെണ്‍കുട്ടി പോയത് പരിചയമുള്ള ആരുടെയെങ്കിലും കൂടെയായിരിക്കും, അല്ലാതെ പെണ്‍കുട്ടികള്‍ തനിച്ച് ഇങ്ങനെ ഇറങ്ങിനടക്കില്ലെന്ന് അവര്‍ കുറ്റപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
13നു വാര്‍ഡന്‍ റിങ്കു ദേവി സര്‍വകലാശാല റജിസ്ട്രാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലും പെണ്‍കുട്ടിക്ക് പാനിക് അറ്റാക്ക് ഉണ്ടായി എന്നാണു വിശേഷിപ്പിച്ചത്. പരാതിയെത്തുടര്‍ന്ന് സര്‍വകലാശാലയിലെ 70 സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്‌തെന്നു പൊലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തും പരിസരത്തുമുള്ള സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്കു ഭീഷണി സന്ദേശം അയച്ച ഇമെയില്‍ വിലാസത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.




