Monday, April 13, 2026
Google search engine
HomeNewsKerala Newsലോറി ചുരം ഇറങ്ങിയത് ഗൂഗിള്‍ മാപ്പ് നോക്കി, കുത്തനെയുളള ഇറക്കവും കൊക്കയും, നിയന്ത്രണം നഷ്ടപ്പെട്ട് നൂറടി...

ലോറി ചുരം ഇറങ്ങിയത് ഗൂഗിള്‍ മാപ്പ് നോക്കി, കുത്തനെയുളള ഇറക്കവും കൊക്കയും, നിയന്ത്രണം നഷ്ടപ്പെട്ട് നൂറടി താഴ്ചയിലേക്ക്

പാല്‍ച്ചുരം: ബോയ്സ് ടൗണ്‍ -പാല്‍ച്ചുരം റോഡില്‍ അപകടത്തില്‍പെട്ട ലോറി ചുരം ഇറങ്ങിയത് ഗൂഗിള്‍ മാപ്പിലെ എളുപ്പ വഴി നോക്കി. റായ്പുരില്‍നിന്ന് കൊളക്കാട് മാര്‍ഷന്‍ ഇന്‍ഡസ്ട്രിയിലേക്ക് കമ്പി കൊണ്ടുവന്ന ലോറിയാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് തിരുച്ചെങ്കോട് സ്വദേശി എല്‍. സെന്തില്‍കുമാറാണ് (49) മരിച്ചത്.

മാനന്തവാടി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ക്ലീനര്‍ തിരുച്ചിറപ്പള്ളി സ്വദേശി സെന്തില്‍കുമാര്‍ രാമസ്വാമി (44) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

നെടുംപൊയില്‍ ചുരം വഴി വന്നാല്‍ മതിയെന്ന മാര്‍ഷന്‍ ഇന്‍ഡസ്ട്രിസ് ഉടമ ജെയിംസ് കുര്യാക്കോസിന്റെയും ലോറിയിലെ ക്ലീനറുടെയും നിര്‍ദേശം അവഗണിച്ചാണ് ഡ്രൈവര്‍ കുത്തനെ ഇറക്കമുളള ബോയ്സ് ടൗണ്‍ -പാല്‍ച്ചുരം വഴി കൊളക്കാട് ലക്ഷ്യമാക്കി വന്നത്.

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചുരം ഇറങ്ങിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഏകദേശം നൂറടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡരികിലെ വൈദ്യുതത്തൂണും തകര്‍ത്താണ് ലോറി കൊക്കയില്‍ വീണത്. കാഞ്ഞിരത്താംകുഴി തോമസിന്റെ ആള്‍ത്താമസമില്ലാത്ത വീടിന് പിന്‍വശത്തേക്കാണ് ലോറി വന്നുവീണത്.

ബോയ്സ് ടൗണ്‍-പാല്‍ച്ചുരം പാതയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഡ്രൈവര്‍മാര്‍ക്ക് മനസ്സിലാകുന്ന വിധം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ഗൂഗിള്‍ മാപ്പ് നോക്കുമ്പോള്‍ എളുപ്പവഴിയായി ബോയ്സ് ടൗണ്‍-പാല്‍ച്ചുരം റോഡാകും കാണിക്കുക.

കുത്തനെയുളള വഴിയാണെന്നും ഒരു വശം കൊക്കയുള്ളതുമാണെന്നും അറിയാതെയാണ് ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെ ചുരം വഴി ഇറങ്ങുന്നത്. ഭാര വാഹനങ്ങള്‍ നെടുംപൊയില്‍-പേര്യ ചുരം വഴി പോകുന്നതാകും ഉചിതം.

ചെറുതും വലുതുമായ നൂറു കണിക്കിന് കുഴികളാണ് ചുരം റോഡ് മുഴുവനും. ചിലയിടങ്ങളില്‍ ടാര്‍ അടക്കം ഒലിച്ചുപോയ നിലയിലാണ്. കോടമഞ്ഞ് നിറയുന്ന റോഡില്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും റോഡിലെ കുഴി കാണാന്‍ പോലും പറ്റില്ല.

റോഡരികില്‍ പോലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാതെ ചുരം വഴി കടന്ന് പോകുന്നത്.

ഒരോ വര്‍ഷവും ലക്ഷങ്ങളാണ് ചുരം പാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി ഏതാനും മാസങ്ങള്‍ക്കുളളില്‍ റോഡ് തകരുകയാണ് പതിവ്. 10 ലക്ഷം രൂപ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ചുരം പാതയുടെ വീതി കൂട്ടുന്നത് അടക്കമുള്ള പ്രവൃത്തിക്കായി 41.44 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെന്‍ഡര്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments