Monday, April 6, 2026
Google search engine
HomeEntertainment'കുട്ടികളെ ബന്ദിയാക്കി വിലപേശല്‍; ഒടുവില്‍ വെടിയേറ്റു മരണം, രോഹിത് ആര്യ എന്നെയും വിളിച്ചിരുന്നു': നടിയുടെ വെളിപ്പെടുത്തല്‍

‘കുട്ടികളെ ബന്ദിയാക്കി വിലപേശല്‍; ഒടുവില്‍ വെടിയേറ്റു മരണം, രോഹിത് ആര്യ എന്നെയും വിളിച്ചിരുന്നു’: നടിയുടെ വെളിപ്പെടുത്തല്‍

മുംബൈ: 17 കുട്ടികളെ ബന്ദിയാക്കി നഗരത്തെ 3 മണിക്കൂറോളം ആശങ്കയിലാഴ്ത്തി, പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രോഹിത് ആര്യ (50) ഒരു സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നെന്നും തലനാരിഴയ്ക്കാണു താന്‍ രക്ഷപ്പെട്ടതെന്നും മറാഠി നടി രുചിത ജാദവിന്റെ വെളിപ്പെടുത്തല്‍. ആളുകള്‍ ബന്ദിയാക്കപ്പെടുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങളുള്ള സിനിമയെക്കുറിച്ചാണ് രോഹിത് ആര്യ വിളിച്ച് സംസാരിച്ചതെന്ന് രുചിത ജാദവ് വിശദീകരിച്ചു.

”ഒക്ടോബര്‍ 27, 28, 29 തീയതികളില്‍ ഏതെങ്കിലും ഒരുദിവസം പവായിലെ ആര്‍എ സ്റ്റുഡിയോയില്‍ കാണാന്‍ പറ്റുമോയെന്നു ചോദിച്ച് ഈ മാസം 23നു രോഹിത് വിളിച്ചിരുന്നു. 28നു കാണാമെന്ന് ഞാന്‍ ഉറപ്പും നല്‍കി. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ അന്നു കാണാന്‍ സാധിച്ചില്ല. 30ലെ ബന്ദി നാടകത്തെക്കുറിച്ചു കേട്ടപ്പോള്‍ ഞെട്ടിപ്പോയി” സമൂഹമാധ്യമത്തിലൂടെയാണു രുചിത ജാദവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രോഹിത് ആര്യ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്ത സംരംഭകനും കണ്‍സല്‍റ്റന്റുമായിരുന്നെന്നു സ്ഥിരീകരിച്ചു. പദ്ധതികള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തനിക്കു 2 കോടി രൂപയുടെ കുടിശിക നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച അദ്ദേഹം മുന്‍ വിദ്യാഭ്യാസ മന്ത്രി ദീപക് കേസര്‍ക്കറിന്റെ വസതിക്കു മുന്‍പില്‍ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങളും നടത്തിയിരുന്നു.

രോഹിത്തിനു സര്‍ക്കാര്‍ പണം നല്‍കാനുണ്ടെന്നതു അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലി ആര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടേറെ തവണ സര്‍ക്കാര്‍ വാതിലുകള്‍ മുട്ടിയിട്ടും പരിഹാരമില്ലാതെ വന്നതോടെ നിരാശനായ രോഹിത്, സിനിമാ സ്‌റ്റൈലില്‍ ബന്ദി നാടകം നടത്തി പണം നേടിയെടുക്കാനാണു ശ്രമിച്ചതെന്നാണു പൊലീസില്‍നിന്നു ലഭിക്കുന്ന സൂചന. അന്വേഷണം മുംബൈ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പവായിലെ സ്റ്റുഡിയോയില്‍ വിദ്യാര്‍ഥികളെ ബന്ദികളാക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത രോഹിത് വ്യാഴാഴ്ചയാണു പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments