Thursday, April 9, 2026
Google search engine
HomeNewsഋതുരാജ് ഗെയ്ക്വാദിന് സെഞ്ചറി, 129 പന്തുകളില്‍ 117 റണ്‍സ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യയ്ക്കു വിജയത്തുടക്കം

ഋതുരാജ് ഗെയ്ക്വാദിന് സെഞ്ചറി, 129 പന്തുകളില്‍ 117 റണ്‍സ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യയ്ക്കു വിജയത്തുടക്കം

രാജ്‌കോട്ട്: വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചറിക്കരുത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്കു വിജയത്തുടക്കം. നാലു വിക്കറ്റ് വിജയമാണ് രാജ്‌കോട്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 49.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. 129 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് 117 റണ്‍സടിച്ചു പുറത്തായി. ഓപ്പണറായി ഇറങ്ങിയ താരം 12 ഫോറുകളാണ് മറുപടി ബാറ്റിങ്ങില്‍ ബൗണ്ടറി കടത്തിയത്. ഋതുരാജ് ഗെയ്ക്വാദാണു കളിയിലെ താരം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു മോശം തുടക്കമായിരുന്നു ലഭിച്ചത്. ഒരു റണ്ണെടുക്കും മുന്‍പേ റുബിന്‍ ഹെര്‍മന്‍, ജോര്‍ദാന്‍ ഹെര്‍മന്‍ എന്നിവര്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായി. റുബിന്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ തിലക് വര്‍മ ക്യാച്ചെടുത്തു പുറത്തായെങ്കില്‍ ജോര്‍ദാനെ തിലക് റണ്ണൗട്ടാക്കുകയായിരുന്നു. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ മാര്‍കസ് അക്കര്‍മാനും പിന്നാലെ റിവാള്‍ഡോ മൂന്‍സമിയും പുറത്തായതോടെ ദക്ഷിണാഫ്രിക്ക നാലിന് 16 എന്ന നിലയിലേക്കു വീണു. മധ്യനിരയില്‍ ഡെലാനോ പോര്‍ട്ട്‌ഗെറ്റര്‍ (105 പന്തില്‍ 90), ഡയാന്‍ ഫോറസ്റ്റര്‍ (83 പന്തില്‍ 77), ജോണ്‍ ഫോര്‍ചുണ്‍ (56 പന്തില്‍ 59) എന്നിവര്‍ അര്‍ധ സെഞ്ചറി നേടിയതാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ തിലക് വര്‍മയുള്‍പ്പടെ എട്ടു പേര്‍ പന്തെറിഞ്ഞപ്പോള്‍, അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, നിഷാന്ത് സിന്ധു, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഗെയ്ക്വാദും അഭിഷേക് ശര്‍മയും ചേര്‍ന്ന് അര്‍ധ സെഞ്ചറി കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്. 31 റണ്‍സെടുത്ത് അഭിഷേക് ശര്‍മ പുറത്തായെങ്കിലും ഋതുരാജ് തകര്‍ത്തടിച്ചു. 118 പന്തുകളിലാണ് ഋതുരാജ് സെഞ്ചറിയിലെത്തിയത്. ക്യാപ്റ്റന്‍ തിലക് വര്‍മയും (58 പന്തില്‍ 39), ഇഷാന്‍ കിഷനും (21 പന്തില്‍ 17) ഗെയ്ക്വാദിനു മികച്ച പിന്തുണ നല്‍കി. സ്‌കോര്‍ 219ല്‍ നില്‍ക്കെ ഗെയ്ക്വാദ് പുറത്തായപ്പോള്‍, നിതീഷ് കുമാര്‍ റെഡ്ഡി (26 പന്തില്‍ 37), നിഷാന്ത് സിന്ധു (26 പന്തില്‍ 29) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments